ദുബൈ: ഇന്ത്യയിൽനിന്ന് ദുബൈ, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക് റാപിഡ് പി.സി.ആർ പരിശോധന ഒഴിവാക്കി. യാത്രക്ക് നാലു മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തേണ്ടിയിരുന്ന പരിശോധനയാണ് ഒഴിവാക്കിയത്. 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം കരുതണം എന്ന നിബന്ധനക്ക് മാറ്റമില്ല. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കും ഇളവുണ്ടെന്ന് വിവിധ എയർലൈനുകൾ അറിയിച്ചു.
ഇളവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽവന്നു. അതേസമയം, അബൂദബി വിമാനത്താവളത്തിലേക്ക് വരുന്നവർക്ക് റാപിഡ് പി.സി.ആർ വേണ്ടെന്ന് എയർ അറേബ്യ മാത്രമാണ് അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക വിമാനമായ ഇത്തിഹാദ് അടക്കമുള്ളവർ അബൂദബിയിലേക്ക് പഴയ നിബന്ധനയിൽ മാറ്റം വരുത്തിയിട്ടില്ല. വൈകാതെ അബൂദബിയും പൂർണമായും റാപിഡ് പി.സി.ആർ ഒഴിവാക്കുമെന്നാണ് പ്രതീക്ഷ.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിലാണ് ദുബൈയിലേക്ക് റാപിഡ് പി.സി.ആർ ഒഴിവാക്കിയ വിവരം അറിയിച്ചത്. ഇതിനു പിന്നാലെ ഷാർജയിലേക്ക് പരിശോധന ഒഴിവാക്കിയതായി എയർ അറേബ്യ അറിയിച്ചു. ഇതോടെ പ്രവാസി യാത്രക്കാരുടെ വലിയൊരു ഭാരമാണ് ഒഴിവാകുന്നത്. വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ പരിശോധന പ്രവാസികൾക്ക് വലിയ ദുരിതമായിരുന്നു സമ്മാനിച്ചത്. സാമ്പത്തിക ബാധ്യതക്ക് പുറമെ അവസാന നിമിഷം റാപിഡ് പി.സി.ആറിൽ പോസിറ്റിവാകുന്നതോടെ യാത്ര മുടങ്ങുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചിരുന്നു. വിമാനത്താവളത്തിൽ പരിശോധിക്കുന്നവരിൽ നാലു ശതമാനവും പോസിറ്റിവാകുന്ന അവസ്ഥയുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ പോസിറ്റിവായവർ നെടുമ്പാശേരിയിലെത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്ത സംഭവങ്ങളുമുണ്ടായി. ആദ്യം 3400 രൂപയും പിന്നീട് 2500 രൂപയും ഒടുവിൽ 1200 രൂപയുമായിരുന്നു റാപിഡ് പി.സി.ആറിെൻറ ചെലവ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.