അബൂദബി: ഉപഭോക്താക്കൾക്ക് എമിറേറ്റിലെ ഹോട്ടലുകളുടെയും ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെയും നിലവാരം മനസ്സിലാക്കാൻ കഴിയുന്ന റേറ്റിങ് ആപ്പിന് തുടക്കം കുറിച്ചു. ‘സദ്ന’ എന്ന പേരിൽ ആരംഭിച്ച ആപ്പിൽ 9000ത്തോളം ഭക്ഷ്യസ്ഥാപനങ്ങളുടെ വിവരങ്ങൾ ലഭിക്കും.
ഭക്ഷണശാലകൾക്ക് മുന്നില്‍ പതിച്ചിരിക്കുന്ന ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്താൽ സ്ഥാപനത്തിലെ ഭക്ഷണത്തിനും ശുചിത്വത്തിനും ലഭിച്ച റേറ്റിങ് അറിയാം. സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് റേറ്റിങ് നിശ്ചയിക്കുന്നത്.
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ പാലനം, ഭക്ഷണ വസ്തുക്കള്‍ വിതരണക്കാരില്‍ നിന്ന് സ്ഥാപനങ്ങളിലേക്ക് എത്തുന്ന വിധം, ജീവനക്കാരുടെ ശുചിത്വം, ഭക്ഷണം കൈകാര്യം ചെയ്യുന്ന ഇടങ്ങളുടെ വൃത്തി, താപനില നിയന്ത്രണം, ഭക്ഷ്യ മാലിന്യ നിക്ഷേപ സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് റേറ്റിങ് നല്‍കുക. പരിശോധനയില്‍ ഉയര്‍ന്ന സ്കോര്‍ ലഭിക്കുന്ന സ്ഥാപനത്തിന് ‘എ’ റേറ്റിങ് ലഭിക്കും.
മാര്‍ക്ക് കുറയുന്നതിനനുസരിച്ച് ബി, സി റേറ്റിങ്ങുകള്‍ നല്‍കും. ഭക്ഷണം പാഴാക്കൽ കുറക്കുന്നതിനായി അബൂദബിയിൽ നേരത്തെ പ്രത്യേക പദ്ധതി അവതരിപ്പിച്ചിരുന്നു. ഉൽപാദനം മുതൽ ഉപഭോഗം വരെ നീളുന്ന ശൃംഖലയിലുടനീളമുള്ള ഭക്ഷണം പാഴാക്കൽ കുറക്കുന്നതിനായി കൈകോർക്കുകയാണ് എഡിക്യുവും യു.എ.ഇയുടെ ദേശീയ ഭക്ഷണം പാഴാക്കൽ കുറക്കൽ സംരംഭമായ ‘നിഅ്മ’യും.
ഭക്ഷണം നഷ്ടമാവുന്ന പ്രധാന കേന്ദ്രങ്ങൾ കണ്ടെത്തി പരിഹാരം കണ്ടെത്താനും നിഅ്മ എഡിക്യുവിനെ സഹായിക്കും. അഗ്തിയ ഗ്രൂപ്, സിലാൽ, യുനിഫ്രൂട്ടി ഗ്രൂപ്, അന്താരാഷ്ട്ര കാർഷിക ഉപകരണ-ഭക്ഷ്യ കമ്പനിയായ ലൂയിസ് ഡ്രേഫുസ്, ലുലു ഗ്രൂപ് ഇന്റർനാഷനൽ, കാലിത്തീറ്റ, അവശ്യ ഭക്ഷ്യ വസ്തുക്കളുടെ നിർമാതാക്കളും വിതരണക്കാരുമായ അൽ ദഹ്റ ഗ്രൂപ് എന്നിവയുമായാണ് എഡിക്യു പദ്ധതിയുടെ ഭാഗമായി കൈകോർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.