അബൂദബി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ അൽ തമീമിയും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, വ്യാപാര രംഗങ്ങളിൽ സഹകരണം ശക്തിപ്പെടുത്തിയ ഇരുരാജ്യങ്ങളും തമ്മിലെ വിവിധ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. ഭാവിയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ശക്തമായ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതും സാമ്പത്തിക സാങ്കേതികവിദ്യയിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി യു.എ.ഇയിലെ ഇന്ത്യൻ എംബസി സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെച്ച ശേഷം വ്യാപാരത്തിൽ വലിയ കുതിച്ചു ചാട്ടമാണുണ്ടായിരിക്കുന്നത്.
അതിനിടെ പ്രവാസികൾക്ക് ഗുണകരമാകുന്ന യു.പി.ഐ വഴിയുള്ള പണമിടപാട് സൗകര്യം യു.എ.ഇയിലും ഒരുക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലെ എണ്ണ ഇതര വ്യാപാരം രൂപയിലാക്കാൻ ചർച്ച നടക്കുന്നതായി യു.എ.ഇ വിദേശവ്യാപാര സഹമന്ത്രി ഥാനി അൽ സയൂദി ദിവസങ്ങൾക്കുമുമ്പ് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യൻ രൂപക്കും സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ വ്യാപാരം യു.എസ് ഡോളറിലാണ് നടക്കുന്നത്. പരസ്പരം സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് രൂപയിലും ദിർഹമിലും വ്യാപാരം സാധ്യമാക്കാനാണ് ചർച്ച പുരോഗമിക്കുന്നത്. അതേസമയം ചർച്ച പ്രാഥമികഘട്ടം മാത്രമാണ് പിന്നിട്ടതെന്നും അൽ സയൂദി പറഞ്ഞിരുന്നു.
ബ്ലൂം ബെർഗ് റിപ്പോർട്ട് പ്രകാരം, ഏകദേശം 64 ശതകോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിലൂടെ 2021ൽ യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. നിർണായക രാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കാൻ യു.എ.ഇ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി കഴിഞ്ഞ വർഷം സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) ഒപ്പുവെച്ചത്.
രൂപയിലും ദിർഹമിലും വ്യാപാരം ആരംഭിക്കുന്നത് ഇരു രാജ്യങ്ങൾക്കും വലിയ നേട്ടമാകുമെന്ന കണക്കുകൂട്ടലാണ് വിദഗ്ധർ പങ്കുവെക്കുന്നത്. ഇതടക്കമുള്ള വിഷയങ്ങൾ ഗവർണർമാരുടെ കൂടിക്കാഴ്ചയിൽ ഉയർന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.