ദുബൈ: വായിക്കാൻ പഠിക്കുന്നതിനൊപ്പം വായനയിലെ തെരഞ്ഞെടുപ്പുകൾകൂടി പഠിക്കാൻ ഉതകുന്നതായിരിക്കണം ഭാഷാപഠനമെന്ന് അഭിനേത്രിയും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷ.
ദുബൈയിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ അഞ്ചുവർഷം പൂർത്തിയായ പശ്ചാത്തലത്തിൽ, അഞ്ചാം വാർഷിക സ്മരണികയായി തയാറാക്കിയ ‘ശാദ്വല മലയാളം- മണൽനിലങ്ങളിൽ മലയാളം തളിർത്ത അഞ്ചു പ്രവാസവർഷങ്ങൾ’, കുട്ടികളുടെ കൈയെഴുത്തുമാസികയായ ‘തൂലിക - പ്രവാസത്തിലെ കുരുന്നെഴുത്തുകൾ’ എന്നിവയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ്, മലയാളം മിഷൻ ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ എന്നിവർ യഥാക്രമം പുസ്തകം ഏറ്റുവാങ്ങി. ഖിസൈസ് മെട്രോ സ്റ്റേഷന് സമീപമുള്ള ടോപ് സ്റ്റാർ റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷതവഹിച്ചു. ചീഫ് എഡിറ്ററും വിദഗ്ധസമിതി അധ്യക്ഷയുമായ സോണിയ ഷിനോയ് പുൽപ്പാട്ട് കൃതികൾ പരിചയപ്പെടുത്തി.
സെക്രട്ടറി സി.എൻ.എൻ. ദിലീപ് സ്വാഗതവും ജോ. സെക്രട്ടറി എം.സി. ബാബു നന്ദിയും പറഞ്ഞു. ദുബൈ ചാപ്റ്റർ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.