ഷാർജ: ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിളിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ യു.എ.ഇയിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21ന് വൈകീട്ട് ഏഴിന് സ്വീകരണം നൽകും. പരിപാടിയോടനുബന്ധിച്ച് ‘കുട്ടനാടിന്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അഡ്വ. ജോബ് മൈക്കിൾ എം.എല്‍.എ പ്രഭാഷണം നടത്തും.
പ്രവാസി മലയാളി സംഘടനകൾക്കും സംരംഭകർക്കും കേരള സർക്കാറുമായി സഹകരിച്ചു പ്രവർത്തിക്കാവുന്ന പദ്ധതികൾ, കുട്ടനാട്ടിലെ കാർഷിക വിഭവങ്ങളെ വിപണന സാധ്യതകളുള്ള മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന പദ്ധതികൾ, അഗ്രോ ടൂറിസം പദ്ധതികൾക്ക് സർക്കാർ നൽകുന്ന സഹായവും പ്രോത്സാഹനവും, വിഷരഹിത കൃഷിയും മത്സ്യ വളർത്തലും സംയോജിപ്പിച്ചുള്ള ചെറുകിട പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും.
ചങ്ങനാശ്ശേരിയുടെയും കുട്ടനാടിന്റെയും പൊതുവിഷയങ്ങൾ സംബന്ധിച്ച് പ്രവാസി മലയാളികൾക്കുള്ള ക്രിയാത്മകമായ അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാറിന് സമർപ്പിക്കാൻ കഴിയുന്ന അവസരമാണിതെന്ന് സംഘാടക സമിതിയംഗങ്ങളായ ഏബ്രഹാം പി. സണ്ണി, ഷാജു പ്ലാത്തോട്ടം, രാജേഷ് ജോൺ, ഡയസ് ഇടിക്കുള, ബോബൻ ജോസഫ്, ജേക്കബ് ബെന്നി, ബാബു കുരുവിള, ഷാജി പുതുശ്ശേരി, അലൻ തോമസ്, ബഷീർ വടകര എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.