ദുബൈ: ഊർജ മേഖലയിൽ കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് നിർബന്ധിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന ഇന്ത്യയുടെ മുൻകാല നിലപാട് ആവർത്തിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. കാലാവസ്ഥ ചർച്ചയിൽ തുല്യതയും നീതിയും ഉറപ്പുവരുത്തണം. സമ്പന്ന രാജ്യങ്ങൾ കാലാവസ്ഥ പ്രവർത്തനത്തിന് നേതൃത്വം നൽകണം.
കാലാവസ്ഥ ഉച്ചകോടി വേദിയിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി ‘കോപ്-28 നാഷനൽ സ്റ്റേറ്റ്മെന്റ്’ സെഷനിൽ സംസാരിക്കുകയായിരുന്നു യാദവ്. ഉച്ചകോടി അവസാന ദിനങ്ങളിലേക്ക് പ്രവേശിച്ചിരിക്കെ, കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് രാജ്യങ്ങൾ തമ്മിൽ സമവായം രൂപപ്പെടുന്നതിന് ചർച്ചകൾ സജീവമാണ്. ഈ ഘട്ടത്തിൽ ലോകത്ത് ഏറ്റവുമധികം കാർബൺ പുറന്തള്ളുന്ന മൂന്നാമത്തെ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നിലപാട് വളരെ പ്രാധാന്യപൂർവമാണ് ആഗോള നിരീക്ഷകർ വീക്ഷിച്ചത്. ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നത് സംബന്ധിച്ച് ദിവസങ്ങളായി കോപ്-28 വേദിയിൽ സംവാദം തുടരുകയാണ്.
പൂർണമായും ഫോസിൽ ഇന്ധന ഉപയോഗം നിർത്തുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന അഭിപ്രായം ശക്തമാണ്. എന്നാൽ, മന്ത്രി ഭൂപേന്ദർ യാദവ് ഇതു സംബന്ധിച്ച് നേരിട്ട് അഭിപ്രായം പറഞ്ഞിട്ടില്ല. കൽക്കരി അടക്കമുള്ള ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി കുറക്കുന്നതിനെക്കുറിച്ചും മന്ത്രി പ്രസ്താവിച്ചിട്ടില്ല. 2030 ആകുമ്പോഴേക്കും 50 ശതമാനം വൈദ്യുതിയും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാക്കുമെന്ന ലക്ഷ്യം ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.