അബൂദബിയിൽ പരീക്ഷണ ഒാട്ടം നടത്തുന്ന റോബോ ടാക്സി
അബൂദബി: സ്വയം നിയന്ത്രിത റോബോ ടാക്സിയുടെ പരീക്ഷണ ഓട്ടത്തിന് അബൂദബിയില്‍ തുടക്കമായി. അടുത്ത വര്‍ഷം ആദ്യം സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത വാഹനങ്ങൾ നിർമിക്കുന്ന കമ്പനിയായ ഓട്ടോഗായാണ് തങ്ങളുടെ റോബോ ടാക്സിയുടെ പരീക്ഷണയോട്ടം വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ആരംഭിച്ചതെന്ന് വാം റിപ്പോര്‍ട്ട് ചെയ്തു.
സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ചാണ് പരീക്ഷണയോട്ടം. റോബോ ടാക്സിയുടെ പരീക്ഷണം അബൂദബിയിലെ നഗര ഗതാഗതത്തിന്റെ ബൃഹത്തായ പരിവര്‍ത്തനത്തിന്റെ തുടക്കമാണെന്ന് ഓട്ടോഗോയുടെ മാതൃകമ്പനിയായ കിന്റസുഗി ഹോള്‍ഡിങ് മാനേജിങ് ഡയറക്ടര്‍ സീന്‍ ടിയോ പറഞ്ഞു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, സുസ്ഥിര ഗതാഗതം കൈവരിക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളാണ് റോബോ ടാക്സികള്‍ മുന്നോട്ടുവെക്കുന്നത്. പൊതുനിരത്തുകളിലെ അതതു സാഹചര്യങ്ങളുമായി വാഹനം എങ്ങനെ പെരുമാറുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്ന പരീക്ഷണയോട്ടം ചൈനീസ് ടെക് അതികായരായ ബൈഡുവിന്റെ സഹസ്ഥാപനമായ അപ്പോളോ ഗോയുമായി സഹകരിച്ചാണ് ഓട്ടോഗോ നടത്തുന്നത്. 2026ഓടെ അബൂദബിയിലുടനീളം റോബോ ടാക്സികള്‍ വ്യാപിപ്പിക്കുന്നതിന് റോബോ ടാക്സിയെ പര്യാപ്തമാക്കുകയെന്നതും പരീക്ഷണത്തിന്റെ ലക്ഷ്യമാണ്.
യൂബറും ചൈനയുടെ വീ റൈഡും ചേര്‍ന്ന് ഡിസംബറില്‍ പശ്ചിമേഷ്യയിലെ ആദ്യത്തെ വാണിജ്യ ഡ്രൈവര്‍രഹിത വാഹന സര്‍വിസിന് അബൂദബിയില്‍ തുടക്കം കുറിച്ചിരുന്നു. യാസ് ഐലന്‍ഡില്‍ നടത്തിവരുന്ന ഡ്രൈവര്‍രഹിത ടാക്സിയാണ് യു.എ.ഇയിലെ ആദ്യത്തെ ഡ്രൈവറില്ലാ ടാക്സി സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.