റാസല്‍ഖൈമ: അതുല്യമായ ഭൂപ്രകൃതിയാല്‍ സമ്പന്നമായ റാസല്‍ഖൈമയെ തേടിയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി ഹരംപകരുന്ന ആകാശ പ്രകടനവും നടത്തി മടങ്ങാം. വിനോദ വികസന പദ്ധതികളുടെ ഭാഗമായി എയറോബാറ്റിക് ഫ്ലൈറ്റ്, സ്കൈ ഡൈവിങ്, ഹോട്ട് എയര്‍ ബലൂണിങ് തുടങ്ങിയവ ആസ്വദിക്കുന്നതിനുള്ള സംവിധാനങ്ങളാണ് റാക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കുക. ആക്ഷന്‍ ഫ്ലൈറ്റ് ഏവിയേഷന്‍ എല്‍.എല്‍.സിയുമായി(എ.എഫ്.എ) കൈകോര്‍ത്താണ് റാക് വിമാനത്താവള അതോറിറ്റി (ആര്.കെ.ടി) സാഹസിക വ്യോമയാന വിനോദത്തിന് സൗകര്യമൊരുക്കുന്നത്. ഇതിനായുള്ള ധാരണപത്രത്തില്‍ എ.എഫ്.എയും ആര്.കെ.ടിയും ഒപ്പുവെച്ചതായി അധികൃതര്‍ അറിയിച്ചു.
വിനോദമേഖലയിലും വാണിജ്യസംരംഭങ്ങള്‍ക്കും ഒരു പോലെ പുതിയ അവസരങ്ങള്‍ തുറക്കുന്നതാണ് പദ്ധതിയെന്ന് ധാരണപത്രത്തില്‍ ഒപ്പുവെച്ച് റാക് സിവില്‍ ഏവിയേഷന്‍ ചെയര്‍മാനും റാക് എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവുമായ എൻജിനീയര്‍ സാലിം ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമി അഭിപ്രായപ്പെട്ടു. പര്‍വതപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാഹസിക ട്രക്കിങ് വിനോദങ്ങള്‍, മരുഭൂമികളിലെ ക്യാമ്പിങ്, ജബല്‍ ജെയ്സ്, ലോകത്തിലെതന്നെ ഏറ്റവും നീളമേറിയ സിപ്ലൈന്‍, പൈതൃക കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, കൃഷിനിലങ്ങള്‍, കടല്തീരങ്ങള് തുടങ്ങിയവക്കൊപ്പം സാഹസിക വ്യോമയാന വിനോദകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ പുതിയ സന്ദര്‍ശകരെ റാസല്‍ഖൈമയിലേക്ക് ആകര്‍ഷിക്കുന്നതിന് സഹായിക്കും.
എമിറേറ്റിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അതുല്യമായ ആകാശാനുഭവങ്ങളുടെ ഒരു കേന്ദ്രമായും റാക് വിമാനത്താവളം മാറും. വെര്‍ട്ടിക്കല്‍, ആക്ഷന്‍ ഫ്ലൈറ്റുകളുടെ വിപുലമായ വൈമാനിക പരിശീലനത്തിന് സൗകര്യവും ഇവിടെ ഒരുക്കും. ആക്ഷന്‍ ഫ്ലൈറ്റിന്റെ വെര്‍ട്ടിക്കല്‍ പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ റാക് വിമാനത്താവളത്തിലുണ്ട്.
പദ്ധതിയിലൂടെ യു.എ.ഇയുടെ സാഹസിക വിനോദ തലസ്ഥാനമെന്ന പദവി നേട്ടവും റാസല്‍ഖൈമയെ തേടിയെത്തും. അതിവേഗം വളരുന്ന വ്യോമയാന കേന്ദ്രമെന്ന നിലയില്‍ റാക് വിമാനത്താവളത്തിന് ആക്ഷന്‍ ഫ്ലൈറ്റ് ഏവിയേഷനുമായി ചേര്‍ന്നുള്ള പുതുസംരംഭം കൂടുതല്‍ ഉത്തേജനം നല്‍കും. ട്രാവല്‍ ആൻഡ് ടൂറിസം മേഖലക്ക് ഉണര്‍വേകുന്നതിനും റാസല്‍ഖൈമയുടെ തന്ത്രപരമായ പദ്ധതികളെ കൂടി പിന്തുണക്കുന്നതിനും പുതിയ സാഹസിക വ്യോമയാന കേന്ദ്രം വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.