ദുബൈ: യു.എ.ഇയുടെ 52ാം ദേശീയദിനത്തോടനുബന്ധിച്ച് എമിറേറ്റിലെ ആശുപത്രികളിൽ ചൈൽഡ് സീറ്റുകൾ വിതരണം ചെയ്ത് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ പൊലീസ്, ഹെൽത്ത് അതോറിറ്റി, യുനിസെഫ്, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ചാണ് സുരക്ഷ ബോധവത്കരണംകൂടി ലക്ഷ്യംവെച്ച് നവജാത ശിശുക്കൾക്ക് ചൈൽഡ് സീറ്റുകൾ സമ്മാനിച്ചത്. 29 ആശുപത്രികളിലായി 450 ചൈൽഡ് സീറ്റുകളാണ് അധികൃതർ വിതരണം ചെയ്തത്.
വിവിധ സാമൂഹിക ആഘോഷ സന്ദർഭങ്ങളിൽ സുരക്ഷ ബോധവത്കരണം ലക്ഷ്യമിട്ട് ആർ.ടി.എ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമാണ് ചൈൽഡ് സീറ്റ് വിതരണമെന്ന് ട്രാഫിക് വിഭാഗം എക്സി. ഡയറക്ടർ ബദ്ർ അൽ സിരി പറഞ്ഞു. സ്വകാര്യ, പൊതു മേഖലകളിലെ പങ്കാളികളുമായി ചേർന്ന് നാലുവർഷം മുമ്പാണ് ‘എന്റെ കുട്ടിയുടെ യൂനിയൻദിന സമ്മാനം’ എന്ന പേരിൽ ആർ.ടി.എ സീറ്റ് വിതരണം തുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ 17 ആശുപത്രികളിലായി 200 സീറ്റുകളാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ ഇത് ഇരട്ടിയിലേറെയായി വർധിച്ചു. പദ്ധതിയെ അഭിനന്ദിച്ച യുനിസെഫ് ഗൾഫ് മേഖല ഓഫിസ് മേധാവി സജി തോമസ്, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദുബൈ സർക്കാറിന്റെയും പങ്കാളികളുടെയും സംരംഭങ്ങളിൽ പങ്കാളികളായതിൽ സന്തോഷം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.