ദുബൈ: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നിയമങ്ങൾ അറിയാനും വിലയിരുത്താനും പുത്തൻ സംവിധാനവുമായി യു.എ.ഇ. വിവിധ വിഭാഗങ്ങൾക്കിടയിൽ രാജ്യത്തെ നിയമങ്ങളുടെ സ്വാധീനം വിലയിരുത്തുകയും പൗരൻമാർ, നിക്ഷേപകർ, പ്രവാസികൾ, മറ്റു പ്രത്യേക വിഭാഗങ്ങൾ എന്നിവർക്കിടയിൽ നിയമം എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നതെന്ന് പരിശോധിക്കുകയും ആവശ്യമെങ്കിൽ പുനഃപരിശോധിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മന്ത്രിസഭ യോഗത്തിനുശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. 1971ൽ രാജ്യം രൂപവത്കൃതമായതുമുതലുള്ള എല്ലാ നിയമങ്ങളും ഫെഡറൽ ഉത്തരവുകളും നിയന്ത്രണങ്ങളും എക്സിക്യൂട്ടിവ് തീരുമാനങ്ങളും രേഖപ്പെടുത്തിയ പുതിയ വെബ്സൈറ്റിന്റെ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിലൂടെ ശൈഖ് മുഹമ്മദ് നിർവഹിച്ചു. http://uaelegislation.gov.ae എന്ന വെബ്സൈറ്റിലാണ് സംവിധാനമുള്ളത്.
ഇതിൽ അറബിയിലും ഇംഗ്ലീഷിലും എല്ലാ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാകുന്ന ഇതുവഴി നിയമങ്ങൾ പരിശോധിക്കാം. അതോടൊപ്പം നിലവിൽ പ്രാബല്യത്തിലുള്ള നിയമങ്ങളെക്കുറിച്ച് വിദഗ്ധർക്ക് അഭിപ്രായം പ്രകടിപ്പിക്കാനും തയാറാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകാനും കഴിയും.
യു.എ.ഇ ഒരു ആഗോള രാജ്യമാണ്. അതിനാൽതന്നെ അതിന്റെ നിയമങ്ങൾ ആഗോള തലത്തിലുള്ളതുമാണ്. അതിന്റെ സുതാര്യത ഇതിനകംതന്നെ അംഗീകരിക്കപ്പെട്ടതാണ്.
മാത്രമല്ല, നിയമവാഴ്ച പ്രധാന മുൻഗണനയായി തുടരും -ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സർക്കാറിന്റെ സുതാര്യത ഏകീകരിക്കുകയും നിയമപരവും നിയമനിർമാണപരവുമായ അന്തരീക്ഷം ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭ യോഗത്തിൽ സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണ സേവനങ്ങൾ വർധിപ്പിക്കുന്നതിനും ശുദ്ധ ഊർജ പരിവർത്തനത്തിനും ഭക്ഷണ-ജല സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളും പ്രഖ്യാപിച്ചു. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ നയത്തിന്റെ ഭാഗമായി കാൻസർ മൂലമുള്ള മരണനിരക്കും അനാരോഗ്യകരമായ ജീവിതശൈലികളിൽ നിന്ന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കുറക്കാനുമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.