ഷാർജ: ഷാർജയിലെ നിരവധി സ്വകാര്യ സ്കൂളുകൾ തിങ്കളാഴ്ച ആരംഭിച്ച രണ്ടാം ടേമിന്റെ ആദ്യ മൂന്ന് ദിവസമോ ആദ്യ ആഴ്ചയോ വിദൂര പഠനത്തിലേക്ക് മാറാൻ തീരുമാനിച്ചു. പി.സി.ആർ പരിശോധന കേന്ദ്രങ്ങളിലെ തിരക്കുകാരണം വിദ്യാർഥികൾക്ക് പി.സി.ആർ പരിശോധന നേരത്തിന് പൂർത്തിയാക്കാൻ സാധ്യമാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. സ്ഥിതി മെച്ചപ്പെടുംവരെ വിദൂര പഠനം നിലനിർത്താനാണ് മാനേജ്മെൻറ് താൽപര്യപ്പെടുന്നത്. അതേസമയം, വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ വെളിച്ചത്തിൽ താൽക്കാലികമായി റിമോട്ട് ലേണിങ്ങിലേക്ക് മാറാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് ആഹ്വാനം നൽകാമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചതിനെ തുടർന്നാണ് സ്കൂളുകൾ തീരുമാനമെടുത്തിരിക്കുന്നത്.
വിദ്യാർഥികൾക്കും ജീവനക്കാർക്കും ആരോഗ്യവും സുരക്ഷയും മുൻഗണന നൽകുന്നതിനാൽ, സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കൾക്ക് സർക്കുലർ അയക്കുകയും ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വർധിച്ചുവരുന്ന കോവിഡ് കേസുകൾ കാരണം കുട്ടികളെ വീട്ടിൽ നിർത്താനും അവരെ വിദൂര ക്ലാസുകളിൽ പങ്കെടുപ്പിക്കാനുമാണ് ഇഷ്ടപ്പെടുന്നതെന്നാണ് പല രക്ഷിതാക്കളും പ്രതികരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ കുട്ടികൾ ആഴ്ചയിലുടനീളം ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുന്ന സർക്കുലർ സ്കൂളിൽനിന്ന് ലഭിച്ചതായി മറ്റൊരു രക്ഷിതാവ് അറിയിച്ചു. സർക്കുലർ ലഭിച്ചതിൽ സന്തുഷ്ടയാണെന്നും ഈ മാസം മുഴുവൻ അല്ലെങ്കിൽ സ്ഥിതി നിയന്ത്രണവിധേയമാകുന്നതുവരെ സ്കൂൾ വിദൂരപഠന സംവിധാനം നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
ശൈത്യകാല അവധിക്കുശേഷം തിങ്കളാഴ്ച ആരംഭിച്ച പുതിയ ടേമിൽ നേരിട്ടുള്ള ക്ലാസുകൾ നിയന്ത്രണങ്ങളോടെ തുടരുമെന്നാണ് ഷാർജ അധികൃതർ വ്യക്തമാക്കിയിരുന്നത്. 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും സ്കൂൾ ജീവനക്കാരും തിങ്കളാഴ്ച ക്ലാസുകളിലേക്ക് വരുമ്പോൾ കോവിഡ് നെഗറ്റിവ് ഫലം ഹാജരാക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. 96 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലമാണ് ആവശ്യപ്പെട്ടത്. വിദ്യാർഥികളും സ്കൂൾ ജീവനക്കാരും കൂട്ടമായി പി.സി.ആർ പരിശോധന കേന്ദ്രങ്ങളിലെത്തിയതോടെ പലർക്കും സമയത്ത് ഫലം കിട്ടാതെ വന്നു. ഈ സാഹചര്യത്തിലാണ് പല സ്കൂളുകളും ഓൺലൈൻ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. എങ്കിലും നേരിട്ട് ക്ലാസുകൾ പല സ്കൂളുകളിലും തുടരുന്നുണ്ട്. സ്കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾ, പ്രഭാത അസംബ്ലികൾ, കാൻറീൻ സേവനങ്ങൾ, സ്കൂൾ യാത്രകൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.