ഷാർജ: പ്രതിസന്ധികളെയും പരിമിതികളെയും പാടിത്തോപ്പിച്ച തിരുവമ്പാടിക്കാരി സജ്ന ടീച്ചർ പ്രവാസികളെ ത്രസിപ്പിക്കാനെത്തുന്നു. ശനിയാഴ്ച രാത്രി ഏഴ് മുതൽ ഷാർജ സഫാരി മാളിൽ നടക്കുന്ന 'പാട്ട് പൂക്കും രാവി'ലാണ് കാഴ്ചശേഷിയില്ലാത്ത സജ്ന പാടാനെത്തുന്നത്. സ്വന്തമായി കമ്പോസ് ചെയ്ത പാട്ടുകളാണ് സജ്ന പാടാറുള്ളത്. സംഗീതത്തിൽ പോസ്റ്റ് ഗ്രാഡുവേഷനുള്ള ടീച്ചറുടെ പാട്ടുകൾകക്കായി ആളുകൾ കാതോർത്തിരിക്കാറുണ്ട്. ജന്മനാ ഭാഗികമായ കാഴ്ച്ച മാത്രമാണ് സജ്ന ടീച്ചർക്കുണ്ടായിരുന്നത്. പി.ജി കാലഘട്ടത്തിലാണ് കാഴ്ച്ച പൂർണ്ണമായി നഷ്ടപ്പെട്ടത്. എന്നാൽ, ദൈവം കനിഞ്ഞു നൽകിയ ശബ്ദമാധുര്യം കാഴ്ച്ചക്കപ്പുറം മധുരമുള്ളതാണ്. കോഴിക്കോട് കിനാശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ സംഗീത അധ്യാപികയാണ് ടീച്ചർ.
11 വർഷം മുൻപ് ജയ്ഹിന്ദ് ടി.വി നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തിൽ സുൽത്താനാ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റിന്‍റെ ഐഡിയ സ്റ്റാർ സിങ്ങർ ഏഴാം റൗണ്ട് വരെ എത്തി. മാതാപിതാക്കൾ നൽകിയ പിന്തുണയാണ് ജീവിതത്തിലും പാട്ടിലും മുന്നോട്ട് നയിച്ചതെന്ന് ടീച്ചർ പറയുന്നു. തിരുവമ്പാടിയിലെ വൈദ്യുതി വെളിച്ചം പോലുമില്ലാത്ത ചെറിയൊരു മുറിയിൽ ജനിച്ചു വളർന്ന ടീച്ചറുടെ ഏറ്റവും വലിയ സ്വപ്നം കയറിക്കിടക്കാൻ സ്വന്തമായൊരു വീടും അല്ലലില്ലാതെ ജീവിക്കാനൊരു ജോലിയുമായിരുന്നു. അത് രണ്ടും സ്വന്തം കഴിവ് കൊണ്ട് നേടിയെടുത്തു. മാപ്പിളപ്പാട്ടുകൾ മാത്രമല്ല, സിനിമാ ഗാനങ്ങളും ഗസലുകളും മനോഹരമായി കൈകാര്യം ചെയ്യും. എഴുത്തുകാരൻ ബഷീർ തിക്കൊടി മുൻകൈയെടുത്താണ് സജ്ന ടീച്ചറെ ഷാർജയിൽ എത്തിക്കുന്നത്. 'പാട്ട് പൂക്കും രാവി'ലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.