ഷാർജ: നാട്ടിൽ ചൂടേറിയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചകളുമായി എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സരിൻ തിരക്കിലാണെങ്കിൽ ഇവിടെ തന്റെ പുസ്തക പ്രകാശനത്തിന്റെ തിരക്കിലും സന്തോഷത്തിലുമാണ് ഭാര്യ ഡോ. സൗമ്യ സരിൻ. ‘ഡോക്ടറേ, ഞങ്ങടെ കുട്ടി ഓകെ ആണോ? എന്ന തലക്കെട്ടോടെ പുറത്തിറക്കിയ സൗമ്യയുടെ ആദ്യ പുസ്തകം ശനിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
ഡി.സി ബുക്സാണ് മലയാളത്തിൽ സൗമ്യയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ വളർച്ച, വികസനം, പോഷകാഹാരം, പ്രതിരോധ കുത്തിവെപ്പ്, പൊതു ആരോഗ്യം എന്നിവയെക്കുറിച്ചാണ് പുസ്തകം ചർച്ച ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ബെസ്റ്റ് സെല്ലറായി മാറിയ പുസ്തകം കൂടിയാണിത്.
സോഷ്യൽ മീഡിയയിലും താരമായ ഡോ. സൗമ്യ ഷാർജയിലെ മെഡ് കെയർ ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി വിഭാഗത്തിലെ സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യനാണ്.
പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും കാലിക്കറ്റ് ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് പീഡിയാട്രിക്സിൽ ചൈൽഡ് ഹെൽത്തിൽ ബിരുദാനന്തര ഡിപ്ലോമയും (ഡി.സി.എച്ച്) പൂർത്തിയാക്കിയിട്ടുണ്ട്.ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്നാണ് പീഡിയാട്രിക് ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം നേടിയത്.
തന്റെ ഫേസ്ബുക്ക് പേജിൽ പതിവായി ആരോഗ്യ ചർച്ചകൾകൊണ്ട് സജീവമായ സൗമ്യ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. പത്രങ്ങളിലും മാഗസിനുകളിലും സ്ഥിരം കോളമിസ്റ്റായും നിരവധി ചാനലുകളിലെ ആരോഗ്യ ചർച്ചകളിൽ പരിചിതമായ മുഖവുമാണ് സൗമ്യ. 2019ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) മികച്ച സോഷ്യൽ മീഡിയ ഹെൽത്ത് ആക്ടിവിസ്റ്റ്-ഇൻഫ്ലുവൻസർ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.