ദുബൈ: കോവിഡ് മഹാമാരി വലിയ ആഘാതങ്ങൾ സൃഷ്ടിച്ച നിരവധി കുടുംബങ്ങളുണ്ട്. അനിവാര്യമായ ആവശ്യങ്ങൾക്ക് പോലും പ്രയാസപ്പെടുന്ന രക്ഷിതാക്കളുടെ മക്കളിൽ പലരും സ്കൂൾ ഫീസ് അടക്കാൻ പ്രയാസപ്പെടുന്ന സാഹചര്യമുണ്ട്. ഇത് മുന്നിൽകണ്ട് ഫീസിളവും സഹായവുമായി രംഗത്തെത്തിയിരിക്കയാണ് യു.എ.ഇയിലെ ചില സ്കൂളുകൾ. 30-35ശതമാനം വരെ ഫീസിളവാണ് സ്കൂളുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും പുതിയ കുട്ടികളെ ആകർഷിക്കുകയും ചെയ്യുന്നത് ഈ നടപടിയിലൂടെ മാനേജ്മെൻറുകൾ ലക്ഷ്യമിടുന്നു.മൂന്ന് ലക്ഷത്തോളം കുട്ടികൾ സ്വകാര്യ സ്കൂളുകളിൽ മാത്രമായി ദുബൈയിൽ പഠിക്കുന്നുണ്ട്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന ഇവിടങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ പലരും കൊഴിഞ്ഞുപോവുന്ന സാഹചര്യമുണ്ട്. പലരും രാജ്യത്ത് നിന്ന് മടങ്ങി സ്വദേശങ്ങളിലെ സ്കൂളുകളിൽ ചേരുന്നുമുണ്ട്. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് രക്ഷിതാക്കളെ ഇതിന് നിർബന്ധിക്കുന്നതെന്ന കണ്ടെത്തലാണ് മാനേജ്മെൻറുകളെ ഫീസിളവിന് പ്രേരിപ്പിച്ചത്.
ദുബൈ സ്പോർട്സ് സിറ്റിയിലെ റിനൈസൻസ് സ്കൂൾ, അൽ ഷോല സ്കൂൾ ഗ്രൂപ്പ്, ദുബൈ ഗിൽഡ്ഫോഡ് റോയൽ ഗ്രാമർ സ്കൂൾ, ദ ആപ്പ്ൾ ഇൻറർനാഷണൽ കമ്മ്യൂണിറ്റി സ്കൂൾ, ദുബൈ സെഡാർ സ്കൂൾ, ദുബൈ സ്മാർട് വിഷൻ സ്കൂൾ, അബൂദബി ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ എന്നിവയാണ് നിലവിൽ ഫീസിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ചില സ്കൂളുകളും ഫീസിളവ് നലകുമെന്ന് അറിയിച്ചിട്ടുണ്ട്. ദുബൈയിൽ മാത്രം ഈ വർഷം 10പുതിയ സ്കൂളുകളാണ് ആരംഭിക്കുന്നത്.
വലിയ ഫീസ് നിരക്കുള്ള സ്കൂളുകളിൽ നിന്ന് ഇളവ് പ്രഖ്യാപിച്ച സ്കൂളുകളിലേക്ക് കുട്ടികൾ മാറിവരുന്നുണ്ടെന്ന് വിവിധ സ്കൂൾ മേധാവികൾ വ്യക്തമാക്കി. കുട്ടികളുടെ കുടുംബങ്ങളുടെ സാഹചര്യമറിയുന്നതിന് വിവിധ സ്കൂളുകൾ വിവരശേഖരണം നടത്തിയിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവരും ബിസിനസിൽ തകർച്ചയുണ്ടായവരുമായ രക്ഷിതാക്കൾ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതായി സർവെയിൽ കണ്ടെത്തിയിട്ടുമുണ്ട്.
ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾക്ക് ആശ്വാസം പകരാനും കുട്ടികൾ സ്കൂളിൽ തുടരുന്നതിന് പ്രേരിപ്പിക്കാനുമായി ഫീസിളവ് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.