ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി അടുത്ത വർഷം നടക്കുന്ന ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് ചലഞ്ചിന്റെ നാലാമത് എഡിഷനിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
കൂടുതൽ കമ്പനികൾക്കും വൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾക്കും ചലഞ്ചിന്റെ ഭാഗമാവാനും അവരുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കാനും അവസരം നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനം. ചലഞ്ചിൽ വിജയികളാകുന്ന കമ്പനിക്ക് 30 ലക്ഷം ഡോളറാണ് സമ്മാനം. ‘ദുബൈ സ്വയംനിയന്ത്രണ ഗതാഗത മേഖല’ എന്ന ശീർഷകത്തിലാണ് ഇത്തവണത്തെ മത്സരം.
ഒരു മേഖലയിൽ തന്നെ യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഒന്നിലധികം സംയോജിതമായ ഗതാഗത മോഡുകൾ ഇത്തവണത്തെ ചലഞ്ചിൽ പ്രദർശിപ്പിക്കുമെന്നാണ് ആർ.ടി.എ പ്രതീക്ഷിക്കുന്നത്. വ്യക്തികൾക്കും കമ്പനികൾക്കും കൂട്ടായ്മകൾക്കും ചലഞ്ചിൽ പങ്കെടുക്കാം.
ഒരു സർവിസ് സംവിധാനത്തിനുകീഴിൽ നിരവധി സ്വയം നിയന്ത്രണ ഗതാഗത സംവിധാനങ്ങളെ സംയോജിപ്പിക്കുകയാണ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവറില്ലാ വാഹന നിർമാണത്തിൽ വിദഗ്ധരായ എല്ലാ കമ്പനികൾക്കും ചലഞ്ചിൽ പങ്കെടുക്കാമെന്ന് ആർ.ടി.എ അറിയിച്ചു. https://sdchallenge.awardsplatform.com/ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഫൈനലിസ്റ്റുകളെ നവംബറിൽ പ്രഖ്യാപിക്കും. തുടർന്ന് നടക്കുന്ന ചലഞ്ചിൽ വിജയിക്കുന്നവരെ 2025ൽ ദുബൈയിൽ നടക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻപോർട്ട് വേൾഡ് കോൺഗ്രസിൽ പ്രഖ്യാപിക്കും.
ഇത് നാലാം തവണയാണ് ദുബൈ വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സംഘടിപ്പിക്കുന്നത്. മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുള്ള ദുബൈയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ചലഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.