റാസല്‍ഖൈമ: ബ്യൂറോക്രസിയെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നിർദേശങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണയെന്ന് റാക് പൊലീസ് മേധാവി മേജര്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി. ‘എളുപ്പവും വേഗമേറിയതും കാര്യക്ഷമവുമായ സേവനങ്ങളിലേക്കുള്ള പരിവര്‍ത്തനം’ എന്ന ശീര്‍ഷകത്തില്‍ റാക് പൊലീസ് ആസ്ഥാനത്ത് നടന്ന ‘ബ്യൂറോക്രസി സീറോയിങ് ആക്സിലറേറ്റേഴ്സ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൊലീസ് മേധാവി.
പൊലീസ് സേനയുടെ പ്രവര്‍ത്തന വികാസത്തിനുള്ള നിരന്തര ശ്രമങ്ങളില്‍ ‘സീറോ ഔട്ട് ബ്യൂറോക്രസിയുടെ ആക്സലറേറ്ററുകള്‍’ ഉള്‍ചേര്‍ന്നതാണ്. സേവനങ്ങള്‍ വേഗത്തിലാകുന്നതിന് തടസ്സം നില്ക്കുന്ന ‘ചുവപ്പു നാടകള്‍’ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുതകുന്നതിനുള്ള നൂതനമായ പ്ലാറ്റ്ഫോമാണ് ‘ബ്യൂറോക്രസി സീറോയിങ് ആക്സിലറേറ്റേഴ്സ് കൗണ്‍സില്‍’. രാജ്യ നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയെന്നത് യു.എ.ഇയുടെ പ്രഖ്യാപിത നിലപാടാണ്.
ഇതിനനുഗുണമായുള്ള നൂതന സംരംഭമാണ് കൗണ്‍സിലെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ വികസിപ്പിക്കുന്നതില്‍ വ്യത്യസ്ത ഗ്രൂപ്പുകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയ റാക് പൊലീസിന്റെ നടപടിയെ പ്രധാനമന്ത്രിയുടെ ഓഫിസിലെ സേവന മൂല്യ നിര്‍ണയ വകുപ്പ് ജനറല്‍ ഡയറക്ടര്‍ സേലം ബലൂഹ പ്രശംസിച്ചു.
റാക് പൊലീസ് സേവന കേന്ദ്രങ്ങളുടെ കാര്യക്ഷമതക്ക് സേവനങ്ങളെ തരംതിരിക്കുന്ന അന്താരാഷ്ട്ര സ്റ്റാര്‍ സിസ്റ്റത്തിന്റെ ആവശ്യകതയും മാനദണ്ഡങ്ങളും ടീം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഡോ. യൂസഫ് അബ്ദുല്ല മുഹമ്മദ് അല്‍ തനൈജി വിശദീകരിച്ചു.
ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കേണ്ട ആവശ്യകതയും ഉപഭോക്താക്കളുമായുള്ള അനുഭവങ്ങളും അഭിപ്രായങ്ങളും ചടങ്ങില്‍ ചര്‍ച്ച ചെയ്തു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്കനുസൃതമായി നിരവധി പൊലീസ് സേവനങ്ങള്‍ പുനര്രൂപകൽപന ചെയ്തിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ - പ്രാദേശിക ഏജന്‍സി മേധാവികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.