ജുബൈൽ: ഹിജ്റ 13ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതുന്ന അൽഅഹ്സ്സയിലെ അൽഹബീഷ് മസ്ജിദ് നവീകരണത്തിനുശേഷം സന്ദർശകർക്ക് തുറന്നുകൊടുത്തു.
സൗദി അറേബ്യയിലെ ചരിത്രപ്രാധാന്യമുള്ള പള്ളികൾ പുതുക്കിപ്പണിയാനുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ ഭാഗമായാണ് മസ്ജിദ് പുനരുദ്ധരിച്ചത്. സൗദി കിഴക്കൻപ്രവിശ്യയിലെ ഹുഫുഫിൽ സ്ഥിതിചെയ്യുന്ന മസ്ജിദ് നഗരത്തിലെ ഏറ്റവും പഴക്കമുള്ള പൈതൃക പള്ളികളിലൊന്നാണ്. അൽഅഹ്സയിലെ പ്രമുഖ പണ്ഡിതന്മാരിലൊരാളായ ൈശഖ് അബ്ദുൽ അസീസ് അൽ-അൽജി ഇവിടെ പഠിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു.
വൃത്താകൃതിയിലുള്ള കമാന പോർട്ടിക്കോ ഉപയോഗിച്ച് അതുല്യമായ വാസ്തുവിദ്യാരീതിയിൽ ചുണ്ണാമ്പുകല്ലും കളിമണ്ണുംകൊണ്ടാണ് മസ്ജിദ് നിർമിച്ചിരിക്കുന്നത്. 318 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ ചന്ദനം, മുള, പായകൾ എന്നിവകൊണ്ടാണ് ഇതിെൻറ മേൽക്കൂര പണിഞ്ഞിരിക്കുന്നത്.
പുനരധിവാസ പ്രക്രിയക്ക് മുമ്പ് 80 പേർക്ക് പ്രാർഥനക്ക് സൗകര്യമുണ്ടായിരുന്നു. മസ്ജിദിൽ 84 മീറ്റർ മുറ്റം, ശുചിമുറികൾ, അംഗസ്നാനം ചെയ്യാനുള്ള സ്ഥലങ്ങൾ, സ്ത്രീകൾക്കായി ഒരു പ്രാർഥനസ്ഥലം, ഇമാമിനുള്ള മുറി, 5.48 മീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള മിനാരം എന്നിവ ഉൾപ്പെടുന്നു. ഇപ്പോൾ 100 പേർക്ക് ഒരേസമയം പ്രാർഥിക്കാൻ കഴിയും. ചരിത്രകുതുകികൾക്കും വിദ്യാർഥികൾക്കും അൽ-ഹബീഷ് മസ്ജിദ് സന്ദർശനം ഏറെ ഗുണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.