ദുബൈ: വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറൻറീൻ ഏഴു ദിവസമായി ചുരുക്കിയത് പ്രവാസികൾക്ക് ആശ്വാസമായി. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്നവർക്കാണ് ഈ തീരുമാനം ആശ്വാസം പകരുന്നത്. ഇതോടെ, നാട്ടിലേക്ക് മടങ്ങാൻ മടിച്ചുനിന്ന പലരും അടുത്ത ദിവസങ്ങളിൽ തന്നെ നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും ഏഴു ദിവസം ക്വാറൻറീൻ മതിയെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ കാര്യം എടുത്തുപറഞ്ഞിരുന്നെങ്കിലും പ്രവാസികളുടെ വിഷയം പരാമർശിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് വ്യക്തത വരുത്തി ചീഫ് സെക്രട്ടറി വീണ്ടും ഉത്തരവിറക്കിയത്. ഏഴു ദിവസം ക്വാറൻറീൻ എന്നത് എൻ.ആർ.ഐകൾക്കും ബാധകമാണെന്ന് സർക്കുലറിൽ പറയുന്നു. ഏഴു ദിവസത്തിനുശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റിവാണെന്ന് ഉറപ്പാക്കണം. ഇതിനുശേഷം മാത്രമേ പുറത്തിറങ്ങാവൂ.
14 ദിവസം ക്വാറൻറീനിൽ തുടരുന്നതാണ് ഉചിതമെന്നും സർക്കാർ അറിയിച്ചു. രണ്ടുമാസം മുമ്പ് വരെ ചില പ്രദേശങ്ങളിൽ പ്രവാസികൾക്ക് 28 ദിവസം ക്വാറൻറീൻ നിർബന്ധമാക്കിയിരുന്നു. പിന്നീട് ഇത് 14 ദിവസമായി ചുരുക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ക്വാറൻറീൻ ഏഴു ദിവസമാക്കിയിരുന്നെങ്കിലും കേരളത്തിൽ 14 തുടർന്നിരുന്നു.
ഏഴു ദിവസം ക്വാറൻറീൻ മതിയെന്നായിരുന്നു കേന്ദ്രസർക്കാർ നിർദേശവും. വിദേശത്തുനിന്ന് എത്തുന്നവരിൽനിന്ന് രോഗം പടരാതിരിക്കാനും സമ്പർക്ക പകർച്ചയുണ്ടാവാതിരിക്കാനുമായിരുന്നു ക്വാറൻറീൻ നിർബന്ധമാക്കിയത്. വിദേശ രാജ്യങ്ങളെക്കാൾ കൂടുതൽ കോവിഡ് ബാധിതർ നാട്ടിൽ പെരുകിയതോടെയാണ് പ്രവാസികൾക്ക് നിർബന്ധിത ക്വാറൻറീൻ എന്തിനാണെന്ന ചോദ്യം ഉയർന്നത്. ഭൂരിപക്ഷം രാജ്യങ്ങളിൽനിന്നും കോവിഡ് പരിശോധനക്കു ശേഷമാണ് വിമാനത്തിൽ കയറുന്നത്.
കേരളത്തിലെത്തി പരിശോധന നടത്തി നെഗറ്റിവാകുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഒന്നോ രണ്ടോ ആഴ്ച അവധിക്കെത്തുന്നവരെയാണ് നിർബന്ധിത ക്വാറൻറീൻ ഏറെ വലച്ചത്. ഇതുമൂലം പലരും തൽക്കാലം നാട്ടിലേക്ക് മടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.മെഡിക്കൽ ആവശ്യങ്ങൾക്കെത്തുന്നവർക്ക് സർക്കാർ നേരത്തേ ഇളവ് അനുവദിച്ചിരുന്നു. ഇവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പുറത്തിറങ്ങാമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഒരാഴ്ചക്കുള്ളിൽ തിരിക മടങ്ങേണ്ടവർക്കും ഇളവ് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.