ദുബൈ: ഹോളിവുഡ് സിനിമയിലേക്ക് പ്രവേശിക്കുന്നതിനുള്ള സ്വപ്നം ഉപേക്ഷിച്ചിട്ടില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ദുബൈയിൽ പുരോഗമിക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ ബുധനാഴ്ച രാവിലെ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന മികച്ച ഒരു സിനിമയോടെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. പിന്നീട് ആരും ഹോളിവുഡിലേക്ക് എന്തുകൊണ്ട് കടന്നുവന്നില്ലെന്ന് ചോദിക്കരുത്. ഞാൻ ശരിക്കും അടുത്ത ജെയിംസ് ബോണ്ടാവാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എനിക്ക് ഉയരം കുറവാണെന്ന് തോന്നുന്നു. എന്നാൽ എനിക്ക് വില്ലനാകാൻ ആവശ്യമായ നിറമുണ്ട് -തമാശയും കാര്യവും ചേർത്ത് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെയും ബ്രിട്ടനിലെയും സിനിമ വ്യവസായവുമായി സംഭാഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആരും തനിക്ക് യോജിച്ച മികച്ച നിർദേശം മുന്നോട്ടുവെച്ചില്ലെന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ കിങ് ഖാൻ പറഞ്ഞു. വ്യക്തിപരമായ അനുഭവങ്ങളും പരാജയങ്ങളിൽനിന്നുള്ള തിരിച്ചുവരവും അദ്ദേഹത്തിന്റെ സംസാരത്തിൽ കടന്നുവന്നു. കുട്ടിക്കാലത്ത് തന്നെ എനിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. മരണത്തിൽനിന്ന് ഒരു തിരിച്ചുവരവില്ലെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അങ്ങനെ തനിക്കുള്ളത് പ്രയോജനപ്പെടുത്തി മുന്നോട്ടുപോകണമെന്ന് പഠിച്ചു -അദ്ദേഹം കൂട്ടിച്ചേർത്തു. സി.എൻ.എൻ മാധ്യമപ്രവർത്തകൻ റിച്ചാർഡ് ക്വസ്റ്റുമായാണ് ലോക സർക്കാർ ഉച്ചകോടിയിൽ അദ്ദേഹം സംവദിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ പ്രതിനിധികൾ സംസാരം ശ്രവിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.