ഷാർജ പുസ്തകോത്സവം നവംബർ രണ്ടു മുതൽ 13 വരെ

ഷാർജ: ആഗോള തലത്തിൽ ശ്രദ്ധേയമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 41ാം എഡിഷൻ നവംബർ രണ്ടു മുതൽ 13 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 'വാക്ക് പ്രചരിപ്പിക്കുക' എന്ന തീമിലാണ് ഇത്തവണ മേള നടക്കുകയെന്നും ഷാർജ ബുക്ക് അതോറിറ്റി ചൊവ്വാഴ്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറുന്ന മേളയിൽ ഇത്തവണ അതിഥി രാജ്യം ഇറ്റലിയാണ്. പുസ്തകോത്സവത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന നിരവധി സാംസ്കാരിക പരിപാടികളും സംവാദങ്ങളും ഒരുക്കുന്നുണ്ട്. സാംസ്കാരിക മേഖലയിലും മാനുഷിക വിഭവങ്ങളിലും കൂടുതലായി നിക്ഷേപിക്കുന്നതാണ് മികച്ച വികസന മാതൃകയെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു.

പുസ്തകങ്ങളാണ് ഒരു രാജ്യത്തിന്‍റെ സ്വത്വത്തെ നിർണയിക്കുന്നതെന്നും മാറ്റത്തിന്‍റെയും വികസനത്തിന്‍റെയും അടിസ്ഥാനമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കിന്‍റെ ശക്തിയും അതിന്‍റെ നിത്യ ജീവിതത്തിലെ സ്വാധീനവും അടയാളപ്പെടുത്തുന്നതാണ് 'വാക്ക് പ്രചരിപ്പിക്കുക' എന്ന തീമെന്ന് പുസ്തകോത്സവത്തിന്‍റെ ജനറൽ കോഓഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു. ഈ മുദ്രാവാക്യത്തിലൂടെ പുസ്തകങ്ങളുടെ രണ്ട് പുറം ചട്ടകൾക്കിടയിൽ ഒതുങ്ങാനല്ല വാക്കുകൾ കുറിക്കപ്പെടുന്നതെന്നും, എല്ലാ സൃഷ്ടിപരമായ പരിശ്രമങ്ങളുടെയും കാതലും ഹൃദയഭാഗവുമാണതെന്നും പറയാനാണ് ആഗ്രഹിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന പുസ്തകോത്സവത്തിന്‍റെ 40ാം എഡിഷനിൽ ആയിരക്കണക്കിന് പ്രസാധകരും വായനാപ്രേമികളും എത്തിച്ചേർന്നിരുന്നു. ബിസിനസ് എക്സ്ചേഞ്ചുകളുടെയും പകർപ്പവകാശ വിൽപനയുടെയും കാര്യത്തിൽ ലോകത്തെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പരിപാടിയായി അടയാളപ്പെടുത്തപ്പെടുകയും ചെയ്തു. നോബൽ സമ്മാന ജേതാവ് അബ്ദുറസാഖ് ഗുർന, ജ്ഞാനപീഠ ജേതാവ് അതിമാവ് ഘോഷ് എന്നിവരടക്കം നിരവധി ലോകോത്തര എഴുത്തുകാർ കഴിഞ്ഞ വർഷം അതിഥികളായി എത്തിയിരുന്നു.

Tags:    
News Summary - Sharjah Book Festival from 2nd to 13th November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.