ദുബൈ: അടുത്ത മാസം നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 40ാം എഡിഷനിൽ 83 രാജ്യങ്ങളിൽനിന്നുള്ള പ്രസാധകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇവയിൽ ഒമ്പത് രാജ്യങ്ങൾ ആദ്യമായാണ് പുസ്തകോത്സവത്തിൽ എത്തുന്നതെന്നും സംഘാടകർ ഷാർജ ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. 1566 പ്രസാധകരുടേതായി എണ്ണമറ്റ പുസ്തകങ്ങൾ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന പരിപാടി നവംബർ മൂന്നു മുതൽ 13 വരെ ഷാർജ എക്സ്പോ സെൻററിലാണ് അരങ്ങേറുക. ചടങ്ങിൽ വിവിധ ദിവസങ്ങളിലായി ഇത്തവണത്തെ നൊബേൽ സാഹിത്യ ജേതാവ് അബ്ദുറസാഖ് ഗുർനയും ജ്ഞാനപീഠ ജേതാവായ ഇന്ത്യൻ എഴുത്തുകാരൻ അമിതാവ് ഘോഷ് അടക്കമുള്ളവരും പങ്കെടുക്കും. അമേരിക്കൻ എഴുത്തുകാരൻ ക്രിസ് ഗാർഡ്നറും ഇന്ത്യൻ എഴുത്തുകാരൻ ചേതൻ ഭഗത്തും പ്രമുഖരുടെ പട്ടികയിലുണ്ട്. നിരവധി മലയാളി എഴുത്തുകാരും പ്രസാധകരും എത്തും. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന കൂടുതൽ പ്രമുഖരുടെയും പ്രസാധകരുടെയും പേരുകൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അമീരി വ്യക്തമാക്കി.
ഈ വർഷം പുസ്തകോത്സവത്തിലെ അതിഥി രാജ്യമായ സ്പെയിനിെൻറ യു.എ.ഇയിലെ അംബാസഡർ ലിനിഗോ ഡി പ്ലാഷിയോ എക്സ്പാന വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 11ദിവസം നീളുന്ന പരിപാടിയിൽ പുസ്തക പ്രദർശനത്തിന് പുറമെ, വിവിധ വിഷയങ്ങളിലെ സംവാദവും സ്റ്റേജ് ഷോകളും കുക്കറി കോർണറും ഒരുക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ അരങ്ങേറുക. പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.