ഷാർജ: ഷാർജയുടെ സാംസ്കാരിക അഴകിന് മിഴിവേകി ഷാർജയിലെ നാലു നടപ്പാലങ്ങൾ ഇന്ന് തുറക്കുമെന്ന് അർബൻ പ്ലാനിങ് കൗൺസിൽ (എസ്.യു.പി.സി) അറിയിച്ചു. കിങ് ഫൈസൽ സ്ട്രീറ്റ്, കിങ് അബ്ദുൽ അസീസ് സ്ട്രീറ്റ്, ഇത്തിഹാദ് സ്ട്രീറ്റ്, നഹ്ദ റോഡ് എന്നിവിടങ്ങളിലെ നാലു പാലങ്ങളാണ് തുറക്കുന്നത്.
100 ദശലക്ഷം ദിർഹം ചെലവിട്ട് പൂർത്തിയാക്കിയ പാലങ്ങളിൽ അൽ ഇത്തിഹാദ് റോഡിലെ നടപ്പാലത്തിലെ ആർച്ചുകളും തൂണുകളും കമാനങ്ങളും അഴക് നിറഞ്ഞതാണ്. യു.എ.ഇയിലെ ഏറ്റവും അഴക് നിറഞ്ഞ പാലമെന്ന ഖ്യാതിയും നിലവിൽ ഇതിനു തന്നെ. ഒരു കാറിന് കടന്നു പോകാൻ തക്കവിധം വീതിയാണ് ഇതിെൻറ നടപ്പാതക്കുള്ളത്.
അൽ നഹ്ദയിലെ അൻസാർ മാളിനു സമീപം നിർമിച്ച പാലം ഷാർജയുടെ സാംസ്കാരിക കേന്ദ്രമായ അൽതാവൂനുമായി ബന്ധിച്ചിരിക്കുന്നു. എക്സ്പോ സെൻററിൽ നടക്കുന്ന പരിപാടികൾ ആസ്വദിക്കുവാൻ ദുബൈ അൽ നഹ്ദ ഭാഗത്ത് നിന്ന് നടന്നെത്താൻ സാധിക്കും. അടിസ്ഥാന വികസനങ്ങൾ വഴി പൊതുജനങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കുവാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചതിനെ തുടർന്നാണ് പാലങ്ങൾ പൂർത്തിയാക്കിയത്. കാൽനടക്കാരുടെ വലിയൊരു സ്വപ്നമാണ് ഇന്ന് പൂവണിയുന്നത്. പാലങ്ങളിലെല്ലാം ലിഫ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മറ്റ് മൂന്ന് നടപ്പാലങ്ങളും മനോഹരങ്ങളാണ്. ഷാർജയുടെ സാംസ്കാരിക ചിഹ്നങ്ങളാണ് പാലത്തിെൻറ കൈവരികളെ അഴകണിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.