ദുബൈ: ഒറ്റക്ക് പ്രവർത്തിക്കുന്നതിലേറെ വേഗത്തിൽ വിജയം വരിക്കാൻ സംഘടിത പ്രവർത്തനങ്ങൾക്ക് സാധ്യമാകുന്നുവെന്നതിൻെറ തെളിവാണ് കൊറോണ മഹാമാരി തീർത്ത പ്രതിസന്ധി ഘട്ടത്തിൽ വിജയം വരിച്ച സംരംഭകത്വങ്ങൾ വെളിവാക്കുന്നതെന്ന് യു.കെയിലെ സ്‌കൂൾ ഓഫ് ലൈഫ് പരിശീലകയും കൺസൽട്ടൻറുമായ സൂസൻ കാൻ പറഞ്ഞു. ഷാർജ എൻറർപ്രണർഷിപ് ഫെസ്റ്റിവലിെൻറ നാലാം പതിപ്പിലെ മൂന്നാം ദിവസത്തിൽ 'കലക്ടീവ് ഹീറോയിസം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു സൂസൻ. ഒരു വ്യക്തി ഒറ്റക്ക് ചെയ്യുന്നതിനേക്കാൾ നല്ല മാറ്റം വരുത്തുന്നതിനുള്ള വളരെ എളുപ്പവും കാര്യക്ഷമവുമായ മാർഗമാണിത്. എന്നാൽ ആശയവിനിമയവും സഹകരണവും പ്രാധാന്യത്തോടെ പരിഗണിച്ചാൽ മാത്രമേ ഇതിനു ഫലമുണ്ടാകൂവെന്നും സൂസൻ കാൻ കൂട്ടിച്ചേർത്തു.
സംരംഭകർ തങ്ങളുടെ ഉപഭോക്താക്കളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിന് വൈകാരിക ബുദ്ധി വികസിപ്പിക്കേണ്ടത് പ്രധാന ഘടകമാണെന്ന് പബ്ലിക് സ്പീക്കറും മെസേജിങ് കൺസൽട്ടൻറുമായ മോണിക്ക മക്കാർത്തി വിശദീകരിച്ചു. 'സംരംഭകത്വത്തിലെ വൈകാരിക ബുദ്ധി'എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മക്കാർത്തി. നാം ആരാണെന്ന് രൂപപ്പെടുത്തുന്നതിൽ നമ്മുടെ മുൻകാല അനുഭവങ്ങളുടെ സ്വാധീനം തിരിച്ചറിയുന്നതുപോലെ തന്നെ മറ്റുള്ളവരുടെ വികാരങ്ങളെയും അപൂർണതകളെയും ബഹുമാനിക്കാൻ നാം പഠിച്ചാൽ മാത്രമേ ലക്ഷ്യത്തിലേക്ക് എളുപ്പത്തിൽ കുതിക്കാനാവൂ എന്നും മക്കാർത്തി ഓർമിപ്പിച്ചു.
സമാപന ശിൽപശാലയിൽ, 'ലീഡിങ് ത്രൂ ചേഞ്ച്' എന്ന വിഷയത്തിൽ ലൈഫ് കോച്ചും എഴുത്തകാരിയുമായ ഫിയോണ ബക്ക്ലാൻഡ്, സംരംഭകർ ആദ്യം വിജയം വരിക്കേണ്ടത് സാങ്കേതിക മികവ് കൊണ്ടല്ലെന്നും പകരം വൈകാരികമായ അടുപ്പം കൊണ്ടായിരിക്കണമെന്നും ചൂണ്ടിക്കാട്ടി. മാറ്റം നിരന്തരമായി സംഭവിക്കുന്നതും എന്നാൽ പ്രയോജനപ്രദവുമാണ്, ലോകക്രമത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന സംരംഭകർ സ്വയം മാറുന്നതിൽ നിന്ന് വിമുഖത കാട്ടരുതെന്നും ഫിയോണ വ്യക്തമാക്കി. ഷാർജ എൻറർപ്രണസ് സെൻററിെൻറ (ഷെറ) നേതൃത്വത്തിൽ അഞ്ചുദിവസങ്ങളിലായി നടക്കുന്ന ഷാർജ എൻറർപ്രണർഷിപ്പ് ഫെസ്റ്റിവൽ ഇത്തവണ വിർച്വൽ പ്രോഗ്രാമാണ്. പരിസ്ഥിതി, സമൂഹം, എളുപ്പത്തിലുള്ള സംവേദനം തുടങ്ങിയ വിഷയങ്ങളും അടുത്ത ദിവസങ്ങളിൽ ചർച്ച ചെയ്യും. പാനൽ ചർച്ചകൾ, ഇൻററാക്ടിവ് ശിൽപശാലകൾ, മോട്ടിവേറ്റിങ് സെഷൻ തുടങ്ങിയ വയാണ്ആസൂത്രണം ചെയ്തിരിക്കുന്നത്. വെർച്വൽ ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.