ഷാർജ: ഭിന്നശേഷി വിഭാഗങ്ങൾക്ക് എമിറേറ്റിൽ തടസ്സമില്ലാതെ കാറുകൾ പാർക്ക് ചെയ്യാൻ പുതിയ ഓൺലൈൻ സംവിധാനം അവതരിപ്പിച്ച് ഷാർജ മുനിസിപ്പാലിറ്റി. രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങൾ നൽകുന്ന ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള കാർഡുകൾ മുനിസിപ്പാലിറ്റിയുടെ പൊതു പാർക്കിങ് സംവിധാനവുമായി ബന്ധിപ്പിക്കാനാണ് തീരുമാനം.
ഇതുവഴി കാറുകളുടെ വിൻഷീൽഡിൽ ഭിന്നശേഷി കാർഡുകൾ പ്രദർശിപ്പിക്കാതെ തന്നെ പൊതു പാർക്കിങ് ഏരിയകളിൽ ഭിന്നശേഷിക്കാർക്ക് സൗജന്യമായി കാർ പാർക്ക് ചെയ്യാനാവും.
കാർ പാർക്കിങ് സബ്സ്ക്രിപ്ഷൻ പുതുക്കുന്നതിനായി ഭിന്നശേഷിക്കാർ മുനിസിപ്പാലിറ്റിയിൽ നേരിട്ട് ഹാജരാകേണ്ടിയും വരില്ല. സബ്സ്ക്രിപ്ഷൻ നടപടികൾ പൂർണമായും ഓൺലൈനായി പൂർത്തീകരിക്കാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
രജിസ്ട്രേഷനായി ഷാർജ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിൽ പ്രത്യേക സൗകര്യവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ സ്മാർട്ട് ആൻഡ് ഇലക്ട്രോണിക് സർവിസസ് എന്ന പേജിൽ പ്രവേശിച്ച് പൊതു പാർക്കിങ് സേവനം എന്ന ഭാഗം സെലക്ട് ചെയ്ത് ഭിന്നശേഷി പാർക്കിങ് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷയോടൊപ്പം എമിറേറ്റ്സ് ഐഡി, വാഹനത്തിന്റെ രജിസ്ട്രേഷൻ കാർഡ്, ഭിന്നശേഷി തെളിയിക്കുന്ന കാർഡ് എന്നിവ അപ്ലോഡ് ചെയ്യണം.
രജിസ്ട്രേഷൻ പൂർത്തിയായാൽ പൊതു പാർക്കിങ് ഏരിയകളിൽ കാർ പാർക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ സ്കാനിങ്ങിലൂടെ വൈകല്യ പെർമിറ്റ് സ്വയമേവ തിരിച്ചറിയപ്പെടും. ഷാർജ സിറ്റി കാർ പാർക്കിങ് ലോട്ടുകൾ ഉപയോഗിക്കുമ്പോൾ പുതിയ സേവനം ഭിന്നശേഷിക്കാർക്ക് കൂടുതൽ അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ എമിറേറ്റിൽ ഭിന്നശേഷിക്കാർക്കായി 66,000ത്തിലധികം പാർക്കിങ് സ്ഥലങ്ങളിൽ ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പൊതു പാർക്കിങ് വകുപ്പ് ഡയറക്ടർ അറിയിച്ചു.
പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് മുനിസിപ്പാലിറ്റി വലിയ ശ്രദ്ധ നൽകുന്നുണ്ടെന്നും അവർക്ക് മികച്ച സേവനങ്ങൾ നൽകാനും അവർ നേരിടുന്ന ഏതു തടസ്സങ്ങളും ബുദ്ധിമുട്ടുകളും തരണംചെയ്യാനും സന്നദ്ധമാണെന്നും ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തുനൈജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.