ഷാർജ: ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡേയ്‌സിന്‍റെ ആദ്യ ആഴ്ചയിലെ പരിപാടികളിൽ 102,000 സന്ദർശകർ പങ്കെടുത്തതായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാനും ഷാർജ ഹെറിറ്റേജ് ഡേയ്‌സ് ഹയർ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം വെളിപ്പെടുത്തി. ഷാർജയുടെ ഹൃദയഭാഗത്ത് ഹെറിറ്റേജ് ഏരിയയിൽ നടക്കുന്ന പരിപാടിയിലേക്ക് യു.എ.ഇയിലെ എല്ലാ കോണുകളിൽ നിന്നുമുള്ള സന്ദർശകരും ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര സന്ദർശകരും എത്തുന്നുണ്ട്.
ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായി ഡോ. അൽ മുസല്ലം പറഞ്ഞു. പൈതൃക പവലിയനുകളിലേക്ക് ഇത്രയും വലിയ സന്ദർശകരെ സ്വീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. തുടർദിവസങ്ങളിലും വലിയ വിജയം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
യു.എ.ഇ സംസ്കാരത്തിന്‍റെ പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്ന പരിപാടിയാണ് ഷാർജ ഹെറിറ്റേജ് ഫെസ്റ്റിവൽ. യു.എ.ഇയുടെ ചരിത്രം, സംസ്‌കാരം, ആചാരങ്ങൾ, കല, സാഹിത്യം തുടങ്ങിയവ അടുത്തറിയാൻ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന ഈ പൈതൃകമേളയിൽ ഇമാറാത്തി സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും എല്ലാ വശങ്ങളും പുനർസൃഷ്ടിക്കപ്പെടുന്നു. പരമ്പരാഗത ഭക്ഷണം, വീടുകൾ, വസ്ത്രങ്ങൾ, അലങ്കാരം, ഗ്രാമ ജീവിതത്തിന്‍റെ പുനർനിർമ്മാണങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഫെസ്റ്റിവൽ. 2003ലാണ് മേള തുടങ്ങിയത്. 'പൈതൃകവും ഭാവിയും' എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്സ്. മേളയിൽ പങ്കെടുക്കുന്ന 33 മറ്റു രാജ്യങ്ങളിലെ പൈതൃക കാഴ്ച്ചകളും സന്ദർശകർക്ക് ആസ്വദിക്കാം. മാർച്ച് 10ന് തുടങ്ങിയ മേള 28ന് സമാപിക്കും. മൂന്നാഴ്ച്ച നീണ്ട് നിൽക്കുന്ന പ്രദർശനം ഷാർജയിലെ ഹെറിറ്റേജ് ഏരിയയിലാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.