ഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ മുന്നേറ്റത്തിന്റെ വാർഷിക റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഷാർജ സിറ്റിക്ക് പുറത്തുള്ള പ്രദേശങ്ങളിലും വൻ പുരോഗതി രേഖപ്പെടുത്തി. എമിറേറ്റിന്റെ മധ്യ, കിഴക്കൻ മേഖലകളിൽ 54.9 കോടി ദിർഹമിന്റെ ഇടപാട് കഴിഞ്ഞവർഷം രേഖപ്പെടുത്തി. സെൻട്രൽ റീജ്യൻ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ, കൽബ എന്നിവിടങ്ങളിലാണ് കാര്യമായ വളർച്ച രേഖപ്പെടുത്തിയത്. ഈ മേഖലകളിൽ 14,195 ഇടപാടുകളാണ് ഈവർഷം ആദ്യപകുതിയിൽ രേഖപ്പെടുത്തപ്പെട്ടത്. 1.5 കോടി ചതുരശ്രയടി ഭാഗങ്ങൾ വിൽപന നടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ മികച്ചമുന്നേറ്റമാണ് റിയൽ എസ്റ്റേറ്റ് മേഖല കൈവരിച്ചതെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് ഷാർജ സർക്കാർ ലഭ്യമാക്കിയ സൗകര്യങ്ങളാണ് ഇതിന് കാരണമായതെന്നും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വിഭാഗം ബ്രാഞ്ചസ് വകുപ്പ് ഡയറക്ടർ ഉമർ അൽ മൻസൂരി പ്രസ്താവനയിൽ പറഞ്ഞു. സെൻട്രൽ റീജ്യനിൽ 23.1 കോടി ദിർഹമിന്റെയും ഖോർഫക്കാനിൽ 18.54 കോടി ദിർഹമിന്റെയും കൽബയിൽ 12 കോടി ദിർഹമിന്റെയും ദിബ്ബ അൽ ഹിസ്നിൽ 1.3 കോടിയുടെയും ഇടപാടുകളാണ് നടന്നത്.
എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല ഈ വർഷം ആദ്യ പകുതിയിൽ 1340 കോടി ദിർഹമിന്റെ വ്യാപാരമൂല്യം കൈവരിച്ചതായി അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19.2 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് പുറത്തിറക്കിയ അർധവാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കാലയളവിൽ 40,843 ഇടപാടുകളാണ് നടന്നത്. ലോകത്തെ 88 രാജ്യക്കാരാണ് ഈ കാലയളവിൽ ഷാർജയിൽ നിക്ഷേപം നടത്തിയത്. സ്വദേശി നിക്ഷേപകരുടെ എണ്ണം 7033ഉം ജി.സി.സി രാജ്യങ്ങളിലെ നിക്ഷേപകരുടെ എണ്ണം 525 ആണ്. ഗൾഫ് ഇതര അറബ് രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകരുടെ എണ്ണം 1824ഉം മറ്റ് രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകരുടെ എണ്ണം 1278ഉം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.