അബൂദബി: ഇസ്ലാമിക നാഗരികതയുടെ സാംസ്കാരിക സമ്പത്ത് പ്രദർപ്പിക്കുന്ന ‘ലൈറ്റ് ആന്‍ഡ് പീസ് മ്യൂസിയം’ അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിൽ തുറന്നു. പുരാതനവും സമകാലികവുമായ കലാസൃഷ്ടികള്‍, ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ കൈയെഴുത്തുപ്രതികള്‍, അലങ്കാരങ്ങള്‍, കാലിഗ്രാഫി, ലോഹം, മരം, മാര്‍ബിള്‍ കലാസൃഷ്ടികള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് മ്യൂസിയത്തിലുള്ളത്. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്ററിലാണ് ലൈറ്റ് ആന്‍ഡ് പീസ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന് ആണ് യു.എ.ഇയുടെ ആകര്‍ഷണങ്ങളില്‍ മറ്റൊരു നേട്ടമായി മാറുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
നൂതന സാങ്കേതിക വിദ്യകളും മള്‍ട്ടിമീഡിയയും ഉപയോഗിച്ച് സംവേദനാത്മക അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന അഞ്ച് വിഭാഗങ്ങളാണ് മ്യൂസിയത്തിലുളളത്. സഹിഷ്ണുതയുടെ മൂല്യങ്ങൾ - പ്രകാശത്തിന്റെ സമൃദ്ധി; വിശുദ്ധിയും ആരാധനയും - മൂന്ന് മസ്ജിദുകൾ; സൗന്ദര്യവും പൂർണതയും - സർഗ്ഗാത്മകതയുടെ ആത്മാവ്; സഹിഷ്ണുതയും തുറന്ന മനസ്സും - ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്; ഒപ്പം ഐക്യവും സഹവർത്തിത്വവും, കൂടാതെ കുടുംബത്തിന്റെയും കുട്ടികളുടെയും അനുഭവങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഇടം.
വൈവിധ്യമാർന്ന തീമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ ഇസ്ലാമിക കാലഘട്ടങ്ങളിലെ പുരാവസ്തുക്കളുടെയും പ്രദർശനങ്ങളുടെയും സമ്പന്നവും ശ്രദ്ധാപൂർവം തിരഞ്ഞെടുത്തതുമായ ശേഖരം മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. മ്യൂസിയത്തിന്റെ ശേഖരത്തിലെ പ്രധാന ഇനങ്ങളിൽ വിശുദ്ധ കഅബയുടെ (20ാം നൂറ്റാണ്ട്) കിസ്വയുടെ ഒരു ഭാഗം, ആദ്യത്തെ ഇസ്ലാമിക സ്വർണ്ണ നാണയം, നീല ഖുർആനിന്റെ സ്വർണ്ണ പ്രകാശിത പേജുകൾ (സി.ഇ. 9-10 നൂറ്റാണ്ടുകൾ), ആന്ദലൂസ്യൻ ആസ്ട്രോലാബ് (14-ആം നൂറ്റാണ്ട് സി.ഇ), രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ സ്വകാര്യ ശേഖരങ്ങൾ തുടങ്ങിയവയും ഉൾപ്പെടുന്നു. വിവിധ നാഗരികതകള്‍ തമ്മിലുള്ള സാംസ്കാരിക സംവാദത്തിനായി വഴി തുറക്കാന്‍ മ്യൂസിയം സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നു.
ആകര്‍ഷകമായ സെന്‍സറി വിവരണം നല്കുന്ന മ്യൂസിയത്തില്‍ അപൂര്‍വവും അതുല്യവുമായ ശേഖരങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ശേഷം ശൈഖ് മന്‍സൂര്‍ മ്യൂസിയം ചുറ്റിക്കണ്ടു. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. സാംസ്കാരികവും സമാധാനവും സഹിഷ്ണുതയും പ്രോല്‍സാഹിപ്പിക്കുന്ന യു.എ.ഇയുടെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് ലൈറ്റ് ആന്‍ഡ് പീസ് മ്യൂസിയത്തിന്റെ ആരംഭത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിക നാഗരികതയുടെ സാംസ്കാരിക സമ്പത്ത് ചുറ്റിക്കാണാന്‍ ലോകത്തെ അനുവദിക്കുന്ന ഒരു ജാലകമാണ് ലോകത്തിന് ഈ മ്യൂസിയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈവിധ്യ ജനവിഭാഗങ്ങളായി നമ്മെ ഒന്നിപ്പിക്കുന്നതിനുള്ള യു.എ.ഇയുടെ ശ്രമങ്ങളുടെ ഫലം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കുന്ന പ്രഖ്യാപനം വൈകാതെ തന്നെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റര്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.