ഷാര്‍ജ: കടലാഴങ്ങളുടെ നീലിമയില്‍നിന്ന് മുത്തുകളും പവിഴങ്ങളും ദിബ്ബ അല്‍ ഹിസന്‍ നഗ രസഭയുടെ ചുവരുകളിലേക്ക് വിരുന്നുവരുന്നതും പൊലീസ് അക്കാദമിയുടെ ഭിത്തികളിലൂടെ അറബിക്കുതിരകള്‍ കുളമ്പടിച്ച് പായുന്നതും കാണാന്‍ കൊതിയുണ്ടോ. -ഷാര്‍ജ വിളക്കുത്സവ ത്തിെൻറ പത്താം പതിപ്പിെൻറ വേദികളില്‍ എത്തിയാല്‍ മതിയാവോളം സൗജന്യമായി ആസ്വദിക് കാം ഈ വര്ണക്കുടമാറ്റം. സാംസ്കാരിക ഷാര്‍ജയുടെ 19 വേദികളിലാണ് ഇക്കുറി ദീപങ്ങള്‍ നര്‍ത്തനമാടുന്നത്. വെളിച്ചത്തെ ഭൂമിയിലെ വിസ്മയകാഴ്ചകളാക്കി മാറ്റിയാണ് സന്ദര്‍ശകരുടെ ഹൃദയവേദികളിലേക്ക് ചിലങ്കകെട്ടി എത്തിക്കുന്നത്.
മുസല്ലയിലെ നഗരസഭ കാര്യാലയത്തില്‍നിന്ന് ആരംഭിച്ച ദീപങ്ങളുടെ വര്‍ണോത്സവം ഷാര്‍ജയിലും ഉപനഗരങ്ങളിലും ആദ്യദിവസം തന്നെ ആയിരങ്ങളുടെ മനസ്സ് കവർന്നു. ഷാര്‍ജ മോസ്കിെൻറ ശില്പചാരുതകളില് വസന്ത ശില്പങ്ങളൊരുക്കുന്ന വെളിച്ചത്തിെൻറ മാന്ത്രികനടനം കാണാന്‍ വന്‍നിരയാണ് എത്തിയത്. ഷാര്‍ജ അല്‍ മജാസിലെ ഈന്തപ്പന കാടുകളില്‍ (പാം ഒയാസിസ്) തീര്‍ത്ത വെളിച്ചത്തിെൻറ വരാന്തകളിലൂടെ എത്ര നടന്നാലും കൊതിതീരില്ല. അല്‍ മജാസിലെ ദ്വീപുകളും ഉദ്യാനങ്ങളും ജലാശയങ്ങളും പുല്‍മേടുകളും പൂക്കളുമെല്ലാം വര്‍ണ വെളിച്ചത്തില്‍ പൂത്തുലയുകയാണ്. കരിമരുന്നും ജലനൃത്തവും വെളിച്ചോത്സവത്തിന് അകമ്പടി സേവിക്കുന്നുണ്ട് അല്‍ മജാസില്‍. ഖസബയുടെ കായലില്‍ വെളിച്ചം വരക്കുന്ന ചിത്രങ്ങള്‍ക്ക് അഴകേറെയാണ്. കായലിലൂടെ കളിവഞ്ചികളില്‍ ഉല്ലസിക്കുന്നവരെയും ബോട്ടുകളില്‍ ഉലാത്തുന്നവരെയും ബെഞ്ചുകളിലും പുല്‍മേടുകളിലും ഇരിക്കുന്നവരെയും വെളിച്ചം ശില്പങ്ങളാക്കി മാറ്റുന്ന കാഴ്ചയും ഖസബയിലാസ്വദിക്കാം.
അല്‍ മജാസ്, യൂനിവേഴ്സിറ്റി സിറ്റി ഹാള്‍, അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജ, ഷാര്‍ജ പൊലീസ് അക്കാദമി, ഷാര്‍ജ സര്‍വകലാശാല, ഷാര്‍ജ പള്ളി, സിറ്റി മുനിസിപ്പാലിറ്റി, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, മസ്ജിദ് അല്‍ നൂര്‍, അല്‍ ഖസബ, ഒമ്രാന് തര്യാം സ്ക്വയര്‍, ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, അല്‍ ഹമരിയ ഏരിയ മുനിസിപ്പാലിറ്റി, അല്‍ വുസ്ത ടിവി ബില്‍ഡിങ് (അല്‍ ദൈദ്), ഷാര്‍ജ കല്‍ബ സര്‍വകലാശാല, ഹൗസ് ഓഫ് ജസ്റ്റിസ് ഖോര്ഫക്കാന്, അറബ് അക്കാദമി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, മാരിടൈം ട്രാന്‍സ്പോര്‍ട്ട് ഖോര്ഫക്കാന്, മസ്ജിദ് ശൈഖ് റാഷിദ് ബിന്‍ അഹ്മദ് അല്‍ ഖാസിമി (ദിബ്ബ അല്‍ ഹിസ്ന്‍) എന്നിവിടങ്ങളിലെല്ലാം വെളിച്ചോത്സവം തിമിര്‍ത്താടുകയാണ്.
പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് ആറുമുതല്‍ രാത്രി 12 വരെയുമാണ് ദീപങ്ങളുടെ രസനടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.