ഷാർജ: ഈജിപ്ത്, സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നിവയുൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നത് പരിഗണിക്കുന്നതായി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷൂറൂഖ്) എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർകാൽ അറിയിച്ചു. ഷാർജ സുസ്ഥിരനഗരത്തിന് സമാനമായ സ്ഥാപനങ്ങൾ ആസ്‌ട്രേലിയയിലും യു.എസിലും സ്ഥാപിക്കാനുള്ള നിർദേശം ഷുറൂഖിന് ലഭിച്ചിട്ടുണ്ട്. മത്സ്യകൃഷിയിലും വെർട്ടിക്കൽ അഗ്രികൾചറിലും ഉടൻ നിക്ഷേപം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്‌സ്, ഇത്തിസലാത്ത് തുടങ്ങിയ ദേശീയ കമ്പനികളെപ്പോലെ ആഗോളതലത്തിൽ തങ്ങളുടെ വ്യാപാരമുദ്ര വിപുലീകരിക്കുക എന്നതാണ് ഷൂറൂഖിെൻറ കാഴ്ചപ്പാടെന്ന് അൽ സർകൽ പറഞ്ഞു.
നിലവിൽ ടൂറിസം, പരിസ്ഥിതി, ഗതാഗതം, പ്രോജക്ട് മാനേജ്മെന്‍റ് മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, റോബോട്ടിക്സ് എന്നിവയിൽ ഉടൻ നിക്ഷേപം നടത്തും. ഷാർജ സുസ്ഥിരനഗരം വിപുലീകരിക്കാനും മറിയം ദ്വീപിൽ അധിക സൗകര്യങ്ങൾ സ്ഥാപിക്കാനും ഷൂറൂഖ് പദ്ധതിയിടുന്നു. വാഹനങ്ങളുടെ എണ്ണം 400 ആയി ഉയർത്താൻ എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ജല പുനരുപയോഗത്തിൽ കമ്പനി തന്ത്രപരമായ പങ്കാളിത്തം ഉണ്ടാക്കി. ജലസേചനത്തിെൻറ കാര്യത്തിൽ ഇതു പ്രയോജനപ്പെടുത്താൻ പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈഗിൾ ഹിൽസ് ഷാർജ, ഷാർജ സുസ്ഥിര നഗരം എന്നിവയുൾപ്പെടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിതരണം ചെയ്ത 12 ബില്യൺ ദിർഹമാണ് ഷൂറൂഖിെൻറ നിക്ഷേപ മൂല്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നിക്ഷേപം നടത്താൻ താൽപര്യമുള്ള എല്ലാവരെയും ഷുറൂഖ് വിശിഷ്ട നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 'ഇൻവെസ്റ്റ് ഇൻ ഷാർജ' എമിറേറ്റിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള സ്വതന്ത്ര ഓഫിസായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മറിയം ദ്വീപിെൻറ നിർമാണത്തിെൻറ ആദ്യ ഘട്ടം പൂർത്തിയായി. അൽ ഖാൻ പാലസിൽ വ്യത്യസ്തമായ വിനോദസഞ്ചാര അനുഭവം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഖോർഫക്കാനിലെ രണ്ട് ടൂറിസം റിസോർട്ടുകൾ ഉൾപ്പെടെ നിരവധി സുപ്രധാന ടൂറിസം പദ്ധതികൾക്ക് വരും കാലയളവ് സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.