അബൂദബി: ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ എന്ന മഹാനായ രാഷ്ട്രപിതാവ് വിത്തിട്ട് മുളപ്പിച്ച വികസനത്തിന്റെയും വളർച്ചയുടെയും പാരമ്പര്യം മൂന്നാം തലമുറയിലേക്ക് കൈമാറ്റംചെയ്തു തുടങ്ങുന്നതിന്റെ സൂചനയാണ് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അബൂദബി കിരീടാവകാശിയെന്ന നിലയിലെ നിയമനം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ മൂത്ത മകനായ ഈ 41കാരൻ ദേശീയ സുരക്ഷാ മേധാവി എന്ന നിലയിലും അബൂദബിയിലെ നിരവധി മറ്റു ചുമതലകളിലും ശോഭിച്ച ശേഷമാണ് ഉന്നത പദവിയിലേക്ക് എത്തിച്ചേരുന്നത്.
നേരത്തേ അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായിരുന്ന ശൈഖ് ഖാലിദിനെ 2016 ഫെബ്രുവരിലാണ് ദേശീയ സുരക്ഷ മേധാവിയായി നിയമിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ വികസന സംവിധാനങ്ങളുമായി ചേർന്ന് മുൻകാലങ്ങളിൽ നടത്തിയ ഇടപെടലുകളിലൂടെ യുവജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ വ്യക്തിത്വം കൂടിയാണ് അദ്ദേഹം. ഇമാറാത്തി യുവാക്കൾക്ക് തൊഴിൽ നേടുന്നതിന് ഉപകരിക്കുന്ന കരിയർ ബിൽഡിങ് പദ്ധതികളിലൂടെയാണ് അദ്ദേഹം ജനപ്രീതി ആർജിച്ചുതുടങ്ങിയത്.
സ്കൂൾ, യൂനിവേഴ്സിറ്റി ബിരുദധാരികൾക്കും തൊഴിലന്വേഷകർക്കും വിവിധ തൊഴിലുകളിൽ വൈദഗ്ധ്യം നേടാൻ സഹായിക്കുന്നതായിരുന്നു ഈ പദ്ധതി. ഇതുവഴി 2021ൽ 4,000ത്തിലധികം ഇമാറാത്തികൾക്ക് ജോലി നേടാൻ സാധിച്ചിട്ടുണ്ട്. യു.എ.ഇയിലെ വിജ്ഞാന സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2021ൽ അബൂദബിയിൽ ആരംഭിച്ച യേൽ യൂനിവേഴ്സിറ്റി രൂപകല്പന ചെയ്ത ഫ്രോണ്ടിയേഴ്സ് ഇൻ ഫിനാൻസ് പദ്ധതിയുടെ രക്ഷാധികാരികൂടിയാണ് അദ്ദേഹം. ഭാവിയുടെ ഊർജ കാഴ്ചപ്പാടുകൾക്കനുസരിച്ച് പുനരുപയോഗപ്രദമായ ഊർജോൽപാദനത്തിന് ആവശ്യമായ നിരവധി സംരംഭങ്ങൾക്കും ശൈഖ് ഖാലിദ് ചുക്കാൻ പിടിച്ചിട്ടുണ്ട്. അബൂദബി നാഷനൽ ഓയിൽ കമ്പനി(അഡ്നോക്) ബോർഡ് ഓഫ് ഡയറക്ടർമാരുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ എന്നനിലയിൽ വിവിധ ഏജൻസികളുമായി സഹകരണം രൂപപ്പെടുത്താനും പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞു.
അബൂദബിയുടെ മത്സരശേഷി വർധിപ്പിക്കുന്നതിന് 2019ൽ ആരംഭിച്ച ‘ഗദാൻ’ എന്ന പദ്ധതിയും പ്രസ്താവ്യമാണ്. ആയോധന കലകളെ ഏറെ ഇഷ്ടപ്പെടുന്ന ശൈഖ് ഖാലിദ് ജിയു-ജിറ്റ്സു അഭ്യാസി കൂടിയാണ്. അബൂദബിയെ ജിയു-ജിറ്റ്സുവിന്റെ ആഗോള തലസ്ഥാനമാക്കി മാറ്റുന്നതിൽ ഇദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ നടന്ന അബൂദബി വേൾഡ് പ്രഫഷനൽ ജിയു-ജിറ്റ്സു ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബാസ്കറ്റ് ബോൾ, സൈക്ലിങ് അടക്കം മറ്റ് നിരവധി കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും സജീവമാണ്. എമിറേറ്റിലെ വിവിധ കലാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും അദ്ദേഹം മുൻപന്തിയിലാണ്. സലാമ ബിൻത് ഹംദാൻ ആൽ നഹ്യാനാണ് മാതാവ്. ഫാത്തിമ ബിൻത് സുറൂർ ആൽ നഹ്യാൻ പത്നി. മൂന്നു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.