ദുബൈ: അസാധ്യമായതൊന്നുമില്ലെന്ന് ലോകത്തിനുമുന്നിൽ നിരന്തരം തെളിയിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇയുടെയും ദുബൈയുടെയും ഭരണചക്രമേന്തിയിട്ട് ഇന്നേക്ക് 18 വർഷം. യു.എ.ഇ വൈസ്പ്രസിഡന്റായും പ്രധാനമന്ത്രിയായും ദുബൈ ഭരണാധികാരിയായും രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ശൈഖ് മുഹമ്മദ് 2006 ജനുവരി നാലിനാണ് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തത്. ദീർഘവീക്ഷണമുള്ള ഭരണാധിപനായും പ്രതിസന്ധികളിൽ പതറാതെ നയിക്കുന്ന കപ്പിത്താനായും നന്മയുടെ പ്രചാരകനായും 17 വർഷമായി രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ശൈഖ് മുഹമ്മദ് എമിറേറ്റിന്റെ ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും നെടുംതൂൺ കൂടിയാണ്. സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, ശാസ്ത്ര, കലാകായിക മേഖലകളിൽ യു.എ.ഇ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അതിൽ വലിയൊരു പങ്കും ശൈഖ് മുഹമ്മദിനുണ്ട്. മഹാമാരിക്കിടയിലും ലോകമേളയായ എക്സ്പോ 2020 ഏറ്റെടുത്ത് നടത്തി വിജയിപ്പിച്ചത് ശൈഖ് മുഹമ്മദിന്റെ നേതൃപാടവത്തിന്റെ ഉദാഹരണം മാത്രമാണ്.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നെഹ്യാന്റെയും ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും കൂടെ പ്രവർത്തിച്ച് നേടിയെടുത്ത മികവാണ് ഭരണരംഗത്ത് പ്രകടിപ്പിച്ചത്. ദുബൈയിൽ ലോകത്തെ ഏറ്റവും മികച്ച ലാൻഡ് മാർക്കുകൾ നിർമിക്കാനും അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥ്യമരുളാനും സാധിച്ചു. ഭരണമികവിന്റെ മറ്റൊരു വർഷം കൂടിയാണ് ഇക്കുറി കടന്നുപോയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായ റാശിദ് റോവറിന്റെ വിക്ഷേപണം. അറബ് രാജ്യങ്ങൾക്ക് കഴിയില്ല എന്ന് ലോകം വിധിയെഴുതിയ നേട്ടമാണ് ദുബൈ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ യു.എ.ഇ നടപ്പാക്കിയത്.2021ൽ ചൊവ്വ ദൗത്യം വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ചന്ദ്രനിലേക്ക് ‘റാശിദ്’ കുതിച്ചുകൊണ്ടിരിക്കുന്നത്. ദൗത്യം വിജയകരമായി പൂർത്തിയായാൽ ബഹിരാകാശ ചരിത്ര പുസ്തകത്തിലേക്കായിരിക്കും ശൈഖ് മുഹമ്മദ് നടന്നുകയറുക. എക്സ്പോ 2020 വിശ്വമേള വിജയകരമായി പൂർത്തിയാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും അതെല്ലാം കാറ്റിൽപറത്തിയായിരുന്നു ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ എക്സ്പോ വിജയിപ്പിച്ചത്. മേള കഴിഞ്ഞെങ്കിലും എക്സ്പോ സിറ്റി എന്ന മനോഹര നഗരമായി ഈ സ്ഥലം മാറി. ഭാവിയിൽ ദുബൈയുടെ ടൂറിസം കേന്ദ്രമായി എക്സ്പോ സിറ്റി മാറും.
ദുബൈയെ സാംസ്കാരിക നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയെന്ന പകിട്ടോടെയാണ് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി ദുബൈയിൽ തുറന്നത്. 100കോടി ദിർഹം ചെലവഴിച്ച് നിർമിച്ച ലൈബ്രറിയിൽ 10ലക്ഷത്തിലേറെ പുസ്തകങ്ങളുണ്ട്. ദുബൈ ജബൽ അലിയിൽ ഹിന്ദുക്ഷേത്രം പണിയാൻ സൗകര്യം ചെയ്തതും ശൈഖ് മുഹമ്മദിന്റെ സഹിഷ്ണുതയുടെ തെളിവാണ്. ലോകകപ്പ്, ഏഷ്യകപ്പ് പോലുള്ള വമ്പൻ ടൂർണമെന്റുകൾ നടത്താവുന്ന നഗരമായി ദുബൈയെ മാറ്റിയതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടിയുടെ ഭാഗമാണ്.പ്ലാസ്റ്റിക് രഹിത നഗരം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ദുബൈയും യു.എ.ഇയും. ‘ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം’ എന്ന ഖ്യാതിയോടെ ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ തുറന്നതും കഴിഞ്ഞ വർഷമാണ്. അധികാരാരോഹണത്തിന്റെ എല്ലാ വാർഷികങ്ങളും ജനങ്ങളോടുള്ള പ്രതിജ്ഞ പുതുക്കാനും നാടിനോടുള്ള കടപ്പാട് ഉറക്കെപ്പറയാനുമാണ് അദ്ദേഹം വിനിയോഗിച്ചത്. യു.എ.ഇയുടെ സ്ഥാപന കാലം മുതൽ വ്യത്യസ്ത ചുമതലകളും ഉത്തരവാദിത്തങ്ങളും വഹിച്ച അദ്ദേഹത്തിന്റെ കൈയൊപ്പ് രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.