ദുബൈ: ലോകം പ്രതീക്ഷാപൂർവം യു.എ.ഇയെ ഉറ്റുനോക്കുന്ന ചരിത്രനിമിഷത്തിന് ഒരു മാസത്തിൽ കുറഞ്ഞ സമയം മാത്രം ബാക്കിനിൽക്കെ എക്സ്പോയുടെ ഒരുക്കങ്ങൾ പൂർണതയിലേക്ക്. പ്രവർത്തനങ്ങൾ വിലയിരുത്താൻ എക്സ്പോ 2020 ദുബൈ നഗരിയിൽ ബുധനാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു. മേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായും എല്ലാ അടിസ്ഥാന സൗകര്യങ്ങളും തയാറായതായും അദ്ദേഹം സന്ദർശനത്തിനുശേഷം ട്വിറ്ററിൽ കുറിച്ചു. 191രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ സ്വീകരിക്കാൻ യു.എ.ഇ ഒരുങ്ങി. മഹാമാരിക്കുശേഷമുള്ള ലോകത്തെ ഏറ്റവും വലിയ മേളക്കായി പവലിയനുകൾ പൂർത്തിയായി -അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അൽഭുതകരമായ എക്സ്പോ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. പരിപാടിയുടെ ആറുമാസങ്ങൾ വരുംകാലത്ത് മനുഷ്യരാശിക്ക് പ്രയോജനം ചെയ്യുന്ന ആശയങ്ങളും കണ്ടുപിടിത്തങ്ങളും ചരിത്രത്തിന് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പോ നഗരി ചുറ്റിക്കണ്ട ശൈഖ് മുഹമ്മദ് വിവിധ പവലിയനുകളിലെ ഒരുക്കങ്ങൾ വിലയിരുത്തി. എക്സ്പോയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിച്ചു.
ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ എക്സ്പോ 2020 ദുബൈക്ക് യു.എ.ഇ അഭിമാനപൂർവം ആതിഥ്യമരുളുമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ ട്വിറ്ററിൽ കുറിച്ചു. എെൻറ സഹോദരൻ മുഹമ്മദ് ബിൻ റാശിദിെൻറ മാർഗനിർദേശപ്രകാരം നടത്തുന്ന പരിപാടി സാംസ്കാരിക സംവാദത്തിെൻറയും കൈമാറ്റത്തിെൻറയും രാജ്യത്തിെൻറ ദീർഘകാല ചരിത്രത്തെ അടയാളപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോയിൽ ആറുമാസത്തിനിടെ രണ്ടരക്കോടി സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകരാജ്യങ്ങളുടെ പവലിയനുകൾ ഇവിടെ ഒരുക്കപ്പെട്ടിട്ടുണ്ട്. പ്രദർശനങ്ങളും കല-സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും എല്ലാ ചേർന്നതായിരിക്കും മേള. കോവിഡ് മഹാമാരിയിൽനിന്ന് ലോകത്തിന് ഉണർവിെൻറ പുതിയ നാളുകൾ സമ്മാനിക്കുന്നതിെൻറ തുടക്കമാകും എക്സ്പോയെന്നാണ് പ്രതീക്ഷ.
ദുബൈ: എക്സ്പോ 2020 ദുബൈയുടെ പ്രചാരണത്തിന് നൂറിലേറെ സോഷ്യൽ മീഡിയ താരങ്ങൾ രംഗത്ത്. ഏതെല്ലാം രൂപത്തിൽ മേളയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാമെന്ന് ചർച്ച ചെയ്യാൻ ഇവരുടെ യോഗം വിളിച്ചുചേർത്തു. ദുബൈ പ്രസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ അറബ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ക്ലബാണ് കൂട്ടായ്മ ഒരുക്കിയത്. എക്സ്പോ അധികൃതർ പരിപാടികളുടെ വിശദാംശങ്ങൾ താരങ്ങളുമായി പങ്കുവെച്ചു. യു.എ.ഇ അന്താരാഷ്ട്ര സഹകരണവകുപ്പ് സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹീം അൽ ഹാഷിമി, ദുബൈ പ്രസ്ക്ലബ് ഡയറക്ടർ മൈസ ബൂഹുമൈദ് എന്നിവർ സംസാരിച്ചു. ഒരു പുതിയ ലോകം സൃഷ്ടിക്കാനും മനുഷ്യരാശിക്കായി നല്ല നാളെ രൂപപ്പെടുത്താനും എല്ലാവരെയും സ്വാഗതം ചെയ്യാൻ യു.എ.ഇയും ദുബൈയും തയാറാണെന്ന സന്ദേശം ലോകത്തെ അറിയിക്കണമെന്ന് റീം അൽ ഹാഷിമി ആവശ്യപ്പെട്ടു. ഒരു അറബ് രാജ്യം ആദ്യമായാണ് ലോകമേളക്ക് ആതിഥ്യമരുളുന്നതെന്നും അറബ്, ഇസ്ലാമിക ലോകത്തെ കണ്ടുപിടിത്തങ്ങൾ മറ്റ് രാജ്യങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൽ സോഷ്യമീഡിയ താരങ്ങളുടെ പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.