ദുബൈ: ഹംദാൻ ബിൻ മുഹമ്മദ് പൈതൃകകേന്ദ്രം സംഘടിപ്പിക്കുന്ന 10ാമത് വാർഷിക ‘കാമൽ ട്രക്ക്’ സഞ്ചാരികളെ നേരിൽകണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയിലെ അൽ മർമൂം ഡെസേർട്ട് കൺസർവേഷൻ റിസർവിലെ സെയ്ഹ് അൽ സലാം ഏരിയയിൽവെച്ചായിരുന്നു കൂടിക്കാഴ്ച.
ഹംദാൻ ബിൻ മുഹമ്മദ് പൈതൃകകേന്ദ്രം സി.ഇ.ഒ അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക് യാത്രയുടെ പുരോഗതി സംബന്ധിച്ച് അദ്ദേഹത്തിന് വിവരിച്ചുനൽകി. യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, യമൻ, ഫ്രാൻസ്, ഇറ്റലി, യുനൈറ്റഡ് കിങ്ഡം, ബെൽജിയം, ജർമനി, ഓസ്ട്രിയ, ഇന്ത്യ, ചൈന, ആസ്ട്രേലിയ, മെക്സികോ, റഷ്യ, ബെലറൂസ് എന്നീ 16 രാജ്യങ്ങളിൽനിന്നുള്ള 37 സഞ്ചാരികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. അബൂദബിയിലെ അരാഡ ഭാഗത്തുനിന്ന് ആരംഭിച്ച് യു.എ.ഇയിലെ മരുഭൂമിയിലൂടെ തുടർച്ചയായി 12 ദിവസം സഞ്ചരിച്ചാണ് സംഘം ദുബൈയിൽ എത്തുന്നത്. 557 കിലോമീറ്റർ സഞ്ചരിച്ച് ‘കാമൽ ട്രക്ക്’ സംഘം ദുബൈ ഗ്ലോബൽ വില്ലേജിലെ പൈതൃക ഗ്രാമത്തിൽ യാത്ര അവസാനിപ്പിക്കും. സഹിഷ്ണുത, സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വിശാലമായ കാഴ്ചപ്പാടുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നതെന്ന് അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.