ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ചൊവ്വാഴ്ച എമിറേറ്റിനായി നിരവധി ടൂറിസം പദ്ധതികൾ അനാച്ഛാദനം ചെയ്തു. സെൻട്രൽ മേഖലയിൽ സഫാരി പാർക്കും പൂന്തോട്ടവും ഈ വർഷം പൂർത്തിയാകും. ഡയറക്ട് ലൈൻ റേഡിയോ ഷോയിലേക്കുള്ള ഫോൺ കോളിനിടെയാണ് സുൽത്താൻ സന്തോഷ വാർത്ത പങ്കുവെച്ചത്. കൽബയുടെ പ്രവേശന കവാടത്തിലെ ഒരു പ്രധാന പ്രോജക്ട് ഈ വർഷം പൂർത്തീകരിക്കുന്ന തൂക്കു പൂന്തോട്ടമാണ്. ഒരു കാലത്ത് ഊർജസ്വലമായിരുന്ന സൂഖ് കൽബ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വീണ്ടും പഴയ പ്രതാപത്തിലേക്ക് തന്നെ മടങ്ങുമെന്ന് ശൈഖ് സുൽത്താൻ പറഞ്ഞു. കൽബയിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുകയും പകരം പുതിയ കെട്ടിടം നിർമിക്കും. ഏറ്റവും വലിയ പള്ളിയായ ഷാർജ മസ്ജിദ് നവീകരിക്കും. കൽബയിൽ ഒരു ലൈബ്രറിയും ഉടൻ തുറക്കും. പ്രദേശത്ത് താമസിക്കുന്നവർക്കും സന്ദർശിക്കുന്നവർക്കും വേണ്ടിയുള്ള സൗകര്യങ്ങൾ വികസിപ്പിക്കും. ഇത് കുടുംബങ്ങൾക്ക് ആകർഷകമായ പ്രകൃതിദൃശ്യങ്ങളും ചെറുകിട ബിസിനസുകൾക്ക് തൊഴിൽ അവസരങ്ങളും നൽകുമെന്ന് ശൈഖ് സുൽത്താൻ പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ട് ഖോർഫക്കാൻ സർവകലാശാല തുറക്കുക എന്നതാണ്. അത് ഇപ്പോൾ പൂർത്തിയാകാറായിരിക്കുന്നു, ദൈവത്തിനു നന്ദി, വർഷം പകുതിയോടെ അല്ലെങ്കിൽ വരുന്ന വേനൽക്കാലത്തിന് ശേഷം ഇതു തുറക്കുമെന്ന് സുൽത്താൻ പറഞ്ഞു. എമിറേറ്റിലെ പൊലീസ് ഡിപ്പാർട്മെന്റിൽ 3000ത്തിലധികം ജോലികൾ സ്വദേശികൾക്ക് ലഭ്യമാക്കുമെന്നും സുൽത്താൻ അറിയിച്ചു. ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലബോറട്ടറികൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, മീറ്റിങ്, പ്രാർഥന മുറികൾ, പുതുതായി നിർമിച്ച ഇന്റേണൽ റോഡുകൾ, കാർ പാർക്കുകൾ എന്നിവ ഉൾപ്പെടുന്ന മൂന്ന് പുതിയ കെട്ടിടങ്ങൾ കൂട്ടിച്ചേർക്കുന്ന ഖോർഫക്കൻ സർവകലാശാലയുടെ വിപുലീകരണവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു. വിപുലീകരണത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പുതിയ ഭവനങ്ങളും കൂടാതെ ഒരു ജിമ്മും ഔട്ട്ഡോർ കളിസ്ഥലങ്ങളും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.