ദുബൈ: ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഇന്ത്യ-പാകിസ്താൻ പോരാട്ടം അരങ്ങേറുമ്പോൾ സ്കോർ എഴുതുന്നത് മാവേലിക്കര സ്വദേശി ഷിനോയ് സോമൻ. പതിറ്റാണ്ടായി യു.എ.ഇയിലെ സ്കോറെഴുത്തുകാരനാണെങ്കിലും ആദ്യമായി ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ സ്കോർ എഴുതുന്നതിന്റെ ത്രില്ലിലാണ് ഷിനോയ്. ഏഷ്യ കപ്പിന്റെ ഔദ്യോഗിക സ്കോററായ ഷിനോയ് മറ്റ് മത്സരങ്ങളിലും തന്റെ പേന ചലിപ്പിക്കും.
ക്രിക്കറ്റും സ്കോർബോർഡും ഡിജിറ്റലൈസ് ചെയ്തെങ്കിലും പേന കൊണ്ട് ബുക്കിൽ സ്കോർ എഴുതുന്ന പതിവ് ഇപ്പോഴുമുണ്ട്. ഡിജിറ്റൽ മീഡിയകളെ പൂർണമായും വിശ്വാസമില്ലാത്തതുകൊണ്ടും തർക്കം വന്നാൽ തീർപ്പുകൽപിക്കുന്നതിനുമാണ് ബുക്കിൽ സ്കോർ എഴുതുന്നത്. 2009ൽ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പാകിസ്താൻ-ആസ്ട്രേലിയ ഏകദിന മത്സരത്തിലാണ് ഷിനോയ് സ്കോററായി അരങ്ങേറ്റം കുറിക്കുന്നത്.
ഐ.പി.എൽ, പി.എസ്.എൽ, ട്വന്റി20 ലോകകപ്പ്, പാകിസ്താൻ, ആസ്ട്രേലിയ, ശ്രീലങ്ക, യു.എ.ഇ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളിലും സ്കോററായി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യ കപ്പ് ട്വന്റി20 അണ്ടർ 19 മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. യു.എ.ഇയിൽ നടന്ന അക്കാഫ് ക്രിക്കറ്റ് ടൂർണമെന്റ്, മാവേലിക്കര ബിഷപ് മൂർ കോളജ് അലുംനി ക്രിക്കറ്റ് ടൂർണമെന്റ്, സബ്കോൺ ക്രിക്കറ്റ് ക്ലബ് ടൂർണമെന്റ് എന്നിവയുടെ സംഘാടകനായിരുന്നു.
മാവേലിക്കര തഴക്കര മൊട്ടക്കൽ സോമന്റെയും ശ്യാമളയുടെയും മകനായ ഷിനോയ് ദുബൈ സാഫ്രോൺ ഗ്ലോബൽ ഹോസ്പിറ്റാലിറ്റി ഗ്രൂപ് സെയിൽസ് ഡയറക്ടറാണ്. ഭാര്യ: പ്രിയ. മക്കൾ: റയാൻ, തഷിൻ, ഫിയോന. ജോലിക്കിടെ ഇടവേളകളുണ്ടാക്കിയാണ് ഷിനോയ് തന്റെ ക്രിക്കറ്റ് പ്രേമത്തിനോട് നീതി പുലർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.