അബൂദബിയിലെത്തുന്ന സന്ദർശകരെയും വിദേശ സഞ്ചാരികളെയും ഏറ്റവുമധികം ആകർഷിക്കുന്ന കെട്ടിടമാണ് വൃത്താകൃതിയിലുള്ള അൽദാർ ഹെഡ്ക്വാർട്ടേഴ്സ് മന്ദിരം. അൽ റഹ കടൽത്തീരത്താണ് അബൂദബിയുടെ ലാൻഡ് മാർക്കുകളിലൊന്നായ ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. മധ്യപൂർവദേശത്തെ വൃത്താകൃതിയിലുള്ള ആദ്യ കെട്ടിടമായ ഇത് സ്റ്റീൽ ഡയഗണൽ സ്ട്രക്ചറൽ ഗ്രിഡിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു നാണയം അതിെൻറ വക്കിൽ നിൽക്കുന്നതായി തോന്നും. രണ്ട് വൃത്താകൃതിയിലുള്ള കോൺവെക്സ് ആകൃതിയിലുള്ള മുൻഭാഗങ്ങൾ. 121 മീറ്റർ ഉയരവും 23 നിലകളുമുള്ളതാണ് ഈ കെട്ടിടമെന്നതും പ്രത്യേകത.
ലോകമെമ്പാടുമുള്ള വാസ്തുശില്പികളുടെ പ്രശംസ ലഭിച്ച കെട്ടിടത്തിനുള്ളിൽ അത്ര എളുപ്പത്തിൽ സന്ദർശകർക്ക് പ്രവേശിക്കാൻ കഴിയില്ലെങ്കിലും വെളിയിൽ ചുറ്റിക്കറങ്ങാനും ദൂരെ നിന്ന് ചിത്രങ്ങൾ പകർത്താനുമൊക്കെ കഴിയും. അസാധാരണ കെട്ടിടം പശ്ചാത്തലമാക്കി വീഡിയോ ഷൂട്ടിങിനും ഫോട്ടോക്കുമെല്ലാം പോസ് ചെയ്യുന്ന സന്ദർശകരുടെ തിരക്ക് വാരാന്ത്യ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് കൂടുതൽ.
അബൂദബിയിലെ ആദ്യത്തെ ഡിസ്ക് ആകൃതിയിലുള്ള ഈ കെട്ടിടം 'കോയിൻ കെട്ടിടം' എന്നും അറിയപ്പെടുന്നു. മൊത്തം 61,900 ചതുരശ്ര മീറ്റർ വിസ്തൃതി. എം.ഇസഡ് ആൻഡ് പാർട്ണേഴ്സ് ആർക്കിടെക്ട്സ് ആണ് ഈ കെട്ടിടം ഡിസൈൻ ചെയ്തത്. സ്റ്റീൽ, കോൺക്രീറ്റ്, ഗ്ലാസ് എന്നിവയുൾപ്പെടെ പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മനോഹരമായ നഗര-കടൽ കാഴ്ചകൾക്ക് സൗകര്യമുള്ള രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ആദ്യത്തെ വൃത്താകൃതിയിലുള്ള കെട്ടിടത്തിെൻറ നൂതന രൂപകൽപ്പനയും വിഷ്വൽ ഇംപാക്ടും ആകർഷണീയമാണ്.
യു.എസ് ഗ്രീൻ ബിൽഡിങ് കൗൺസിലിെൻറ ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയോൺമെൻറൽ ഡിസൈൻ (ലീഡ്) റേറ്റിങ് സംവിധാന മികവിൽ വികസിപ്പിച്ച കെട്ടിടമെന്നതും പ്രത്യേകതയാണ്. ഡിസ്ട്രിക്ട് കൂളിങ് പ്ലാൻറും മികച്ച ലൈറ്റിങ്, വാട്ടർ സംവിധാനവുമുള്ള കെട്ടിടത്തിെൻറ ഓരോ നിലയുടെയും പരിധിക്കകത്ത് മീറ്റിങ് ഏരിയകളും ഓഫീസുകളുമുണ്ട്. എല്ലാ മുറികളിലും സ്വാഭാവിക വെളിച്ചം, കെട്ടിടത്തിലെ എല്ലാ മാലിന്യ ഉൽപന്നങ്ങളും പുനരുപയോഗിക്കുന്നതിന് സബ്ടെറേനിയൻ ഓട്ടോമേറ്റഡ് വാക്വം മാലിന്യ ശേഖരണ സംവിധാനം, പ്രാദേശിക മാലിന്യ കൈമാറ്റ സ്റ്റേഷനിലേക്ക് പുനരുപയോഗത്തിനും കോംപാക്റ്റിങിനുമായി മാലിന്യങ്ങൾ വലിച്ചെടുക്കുന്ന സൗകര്യം എന്നിങ്ങനെ അബൂദബിയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ കെട്ടിടത്തിെൻറ പ്രത്യേകതകൾ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.