ദുബൈ: ആളില്ലാ പൊലീസ് സ്റ്റേഷൻ സംവിധാനമായ ദുബൈ സ്മാർട്ട് പൊലീസ് സ്റ്റേഷനുകളിൽ (എസ്.പി.എസ്) കഴിഞ്ഞ വർഷം നടന്നത് 1.07 ലക്ഷം ഇടപാടുകൾ. ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങൾ വഴി പ്രവർത്തിക്കുന്ന സ്റ്റേഷനുകൾ 16,083 കേസ് റിപ്പോർട്ടുകൾ ഉൾപ്പെടെ ഇടപാടുകളാണ് ഒരുവർഷത്തിനിടെ നടത്തിയത്. ലോകത്ത് ഏക പൂർണ മനുഷ്യമുക്ത പൊലീസ് സ്റ്റേഷൻ സംവിധാനമാണിത്.
ഉപഭോക്താക്കൾക്ക് മുഴുസമയവും മനുഷ്യ ഇടപെടലുകളില്ലാതെ സ്മാർട്ട് സേവനങ്ങൾ നൽകുന്ന സ്മാർട്ട് പൊലീസ് സേവന ഉപയോഗത്തിന്റെ തുടക്കക്കാരെന്ന നിലയിൽ അഭിമാനമുണ്ടെന്ന് ദുബൈ പൊലീസിലെ സ്മാർട്ട് സേവനവിഭാഗം ഡയറക്ടർ മേജർ ജനറൽ അലി അഹ്മദ് ഗാനിം പറഞ്ഞു. സമൂഹത്തിലെ അംഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്ന സർക്കാറിന്റെ ലക്ഷ്യം നേടാനുള്ള ദുബൈ പൊലീസ് ജനറൽ കമാൻഡിന്റെ പരിശ്രമത്തിന്റെ വിജയമാണ് എസ്.പി.എസ് പദ്ധതിയുടെ വിജയം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.പി.എസ് സംവിധാനങ്ങൾ വഴി ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പൊലീസ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാണ്. പരാതികൾ അറിയിക്കാനും റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും നേടാനും ഏറെ ഉപകാരപ്രദമാണ് ഇതിന്റെ സേവനങ്ങൾ.
നഗരത്തിൽ 22 ഇടങ്ങളിലാണ് സ്മാർട്ട് സ്റ്റേഷനുകൾ നിലവിൽ പ്രവർത്തിക്കുന്നത്. അറബി, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് എന്നീ ഏഴ് ഭാഷകളിൽ പൊലീസ് സേവനങ്ങൾ ഇവിടങ്ങളിൽ ലഭ്യമാണ്.
അറേബ്യൻ റേഞ്ചസ്, ലാമെർ, ലാസ്റ്റ് എക്സിറ്റ്- അൽ ഖവാനീജ് ഡ്രൈവ്-ത്രൂ, ലാസ്റ്റ് എക്സിറ്റ് ഡ്രൈവ്-ത്രൂ- ഇ-11 ദുബൈ ബൗണ്ട്, ലാസ്റ്റ് എക്സിറ്റ് ഡ്രൈവ്-ത്രൂ- ഇ-11 അബൂദബി ബൗണ്ട്, സിറ്റി വാക്ക്, അൽ സീഫ്, ദുബൈ സിലിക്കൺ ഒയാസിസ് വാക്ക്-ഇൻ, പാം ജുമൈറ, അൽ മുറഖബാത്ത്, ദുബൈ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് -മെയിൻ റിസപ്ഷൻ, ദുബൈ ഡിസൈൻ ഡിസ്ട്രിക്റ്റ് (ഡി3), ദുബൈ എയർപോർട്ട് ഫ്രീസോൺ, എക്സ്പോ സിറ്റി ദുബൈ, ഹത്ത, അൽ ലെസൈലി, അൽ ഇയാസ് സബർബൻ പൊലീസ് പോയന്റ് എന്നിവിടങ്ങളിലാണ് സ്മാർട്ട് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.