ദു​ബൈ ബീ​ച്ചു​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ‘ഫ്ലൈ​യി​ങ് റെ​സ്ക്യൂ​വ​ർ’ ഡ്രോ​ണു​ക​ളി​​ലൊ​ന്ന് 

സുരക്ഷയിൽ 'സ്മാർട്ട്' വിചാരം

ദുബൈ: മഴ മാറി വീണ്ടും ചൂട് തുടങ്ങിയതോടെ ബീച്ചുകളിലെത്തുന്നവരുടെ തിരക്കും കൂടി വരികയാണ്. അപകടസാധ്യതകൾ ഒഴിവാക്കാൻ അധികൃതർ യു.എ.ഇയിലെ ബീച്ചുകളിൽ 'സ്മാർട്ട്' നീരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. രക്ഷാദൗത്യങ്ങൾക്കായി അത്യാധുനിക സാങ്കേതികത കൂടി ഉപയോഗിക്കുന്നതിനാൽ രക്ഷാപ്രവർത്തനവും 'സ്മാർട്ട്' ആണ്. കടലിൽ നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കുന്ന നൂതന സംവിധാനങ്ങളോടു കൂടിയ ഡ്രോണുകളാണ് ബീച്ചുകളിലെ 'സൂപ്പർ താരങ്ങൾ'. കടലിൽ അപകടത്തിൽപ്പെടുന്നവർക്ക് മുങ്ങാതിരിക്കാനുള്ള സുരക്ഷ ട്യൂബുകളുമായാണ് ഡ്രോണുകൾ എത്തുക. ദുബൈ ബീച്ചുകളിൽ രക്ഷാപ്രവർത്തനത്തിന് 'ഫ്ലൈയിങ് റെസ്ക്യൂവർ' ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഒരേസമയം ചുരുങ്ങിയത് എട്ടുപേരെ ഇതിന് രക്ഷിക്കാനാകും. നാല് രക്ഷാവളയങ്ങൾ അഥവാ ലൈഫ് ബോയ് റിങ്ങുകളുമായിട്ടാണ് ഇവ അപകടസ്ഥലത്ത് അതിവേഗമെത്തുക.

കൂടുതൽ പേരെ രക്ഷപ്പെടുത്താനുണ്ടെങ്കിൽ റസ്ക്യൂ റാഫ്റ്റ് എന്ന റബ്ബർ വഞ്ചി എത്തും. വെള്ളത്തിൽ തൊടുന്നയുടൻ തനിയെ വികസിക്കുന്ന പ്രത്യേക വഞ്ചിയാണിത്. വിവരങ്ങൾ യഥാസമയം രക്ഷാപ്രവർത്തകർക്ക് കൈമാറാനുള്ള സംവിധാനവും ഡ്രോണിലുണ്ട്. മുങ്ങൽ വിദഗ്ധർക്ക് കരയിൽ നിന്നു നിർദേശങ്ങളും വിവരങ്ങളും കൈമാറാൻ വയർലെസ് സംവിധാനങ്ങളോടു കൂടിയ പ്രത്യേക ഫെയ്സ് മാസ്കും നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ ഇത് കൂടുതൽ കൃത്യതയും വേഗവും ഉറപ്പാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. പകർത്തുന്ന ചിത്രം 38 ഇരട്ടി വലുപ്പത്തിൽ കാണാൻ കഴിയുന്ന ക്യാമറകളോടു കൂടിയ ഡ്രോൺ ആണ് ഷാർജ സിവിൽ ഡിഫൻസ് മറൈൻ റസ്ക്യൂ വിഭാഗം ഉപയോഗിക്കുന്നത്. തെർമൽ സെൻസറുകളോടു കൂടിയ ഡ്രോണുകൾക്ക് ബീച്ചിലെയും കടലിലെയും ചെറുചലനങ്ങൾ പോലും കണ്ടെത്താനാകും. ഷാർജ അൽഖാൻ, ഹംറിയ ബീച്ചുകളിൽ ബോട്ടുകൾ, ജെറ്റ് സ്കീ, ക്വാഡ് ബൈക്ക്, ബൈക്ക്, സൈക്കിൾ എന്നിവയിൽ പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്. ഷാർജ സുരക്ഷാ വിഭാഗം കഴിഞ്ഞവർഷം നടത്തിയത് 38 രക്ഷാദൗത്യങ്ങളാണ്. ഈ വർഷം ജൂൺ 15 വരെ 10 രക്ഷാദൗത്യങ്ങളും നടത്തിയെന്ന് അധികൃതർ വ്യക്തമാക്കി.

പ്രത്യേക പരിശീലനം നേടിയ കൂടുതൽ നീന്തൽ വിദഗ്ധരെയും യു.എ.ഇയിലെ ബീച്ചുകളിൽ നിയോഗിച്ചിട്ടുണ്ട്. വിവിധ മേഖലകളിലായി അടുത്തിടെ കൂടുതൽ നിരീക്ഷണ ടവറുകളും സ്ഥാപിച്ചു.

മംസാർ ബീച്ചിൽ നാലും അൽഖാൻ ബീച്ചിൽ മൂന്നും ടവറുകളാണ് സ്ഥാപിച്ചത്. ഇതോടെ ടവറുകളുടെ എണ്ണം 21 ആയി.

ബീച്ചുകളിൽ വരുന്നവർ നിയമങ്ങൾ പാലിക്കാതെ അപകടങ്ങൾ പൂർണമായും നിയന്ത്രിക്കാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. വേണ്ടത്ര പരിശീലനമില്ലാതെയും ഒറ്റപ്പെട്ട മേഖലകളിലും കടലിലിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിർദേശമുണ്ട്. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിപ്പിക്കണം. കുട്ടികൾ നീന്താനിറങ്ങുമ്പാൾ രക്ഷിതാക്കളും കൂടെയുണ്ടാകണം. മത്സരിച്ചുള്ള നീന്തലും അനുവദനീയ മേഖലകൾ മറികടക്കുന്നതും ഒഴിവാക്കണമെന്നും കർശന നിർദേശമുണ്ട്. 

Tags:    
News Summary - 'Smart' thinking in security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT