പരമ്പരാഗത ഇമാറാത്തി രീതിയിലൊരുക്കിയ കൂറ്റൻ കൊട്ടാരസമാനമായ നിർമ്മിതി, അതിൽ എല്ലാതരം ഭക്ഷ്യവസ്തുക്കളും, ഉൽപന്നങ്ങളും ഒരു മേൽക്കൂരക്കുക്കീഴിൽ ഒരുക്കിയിരിക്കുകയാണ് ഷാർജയിലെ സൂഖ് അൽ ജുബൈൽ. ഷാർജ കോർണിഷിൽ നിന്ന് അൽപം മാറിയാണ് സൂഖ് അൽ ജുബൈൽ സ്ഥിതി ചെയ്യുന്നത്. സൂഖിൽ നിന്ന് ഷാർജ ക്രീക്കിന്റെ മനോഹര കാഴ്ചകൾ ആസ്വദിക്കാനും സാധിക്കും.
ഇസ്ലാമിക വാസ്തുവിദ്യയുടെ പരമ്പരാഗത രീതിയിൽ നിർമ്മിച്ച താഴികക്കുടങ്ങളും തൂണുകളുമായി മനോഹരമായ ഇമാറാത്തി നിർമ്മാണ രീതികൊണ്ട് സൂഖ് അൽ ജുബൈൽ മറ്റ് ഷോപ്പിങ്ങ് കേന്ദ്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഇമാറാത്തി സംസ്കാരം പ്രതിഫലിപ്പിക്കുന്ന സൂഖ് അൽ ജുബൈൽ. ഷാർജ അസറ്റ് മാനേജ്മെന്റിന്റെ പദ്ധതികളിലൊന്നായ സൂഖ് വിശുദ്ധ മാസത്തിലുടനീളം സന്ദർശകർക്കും പൗരന്മാർക്കും താമസക്കാർക്കും വ്യത്യസ്ഥമായ ഷോപ്പിങ് അനുഭവം നൽകുന്നതോടൊപ്പം യു.എ.ഇയുടെ തനതായ വസ്തുക്കൾ സന്ദർശകർക്ക് മുന്നിലേക്കെത്തിക്കുകയും ചെയ്യുന്നു. യു.എ.ഇയിലെ പ്രാദേശിക സംസ്കാരവും ജീവിതരീതിയും ഒക്കെ മനസ്സിലാക്കാനുള്ള മികച്ച സ്ഥലം കൂടിയാണ് സൂഖ് അൽ ജുബെൽ.
ഷാർജയിലെ മികച്ച മത്സ്യ മാർക്കറ്റായി അറിയപ്പെടുന്ന സൂഖ് അൽ ജുബൈലിൽ സമീപത്തെ ബോട്ടുകളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളാണ് വിൽക്കുന്നത്. പ്രാദേശികവും പുതുതായി ഇറക്കുമതി ചെയ്തതുമായ ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ ഇവിടെ ലഭിക്കും. ഉൽപ്പന്നങ്ങൾ ലേലത്തിന് വെക്കുന്നു എന്ന സവിശേഷതയും ഈ സൂക്കിനുണ്ട്. രാവിലെ ആറ് മണിയോടെ തുടങ്ങുന്ന ലേലത്തിൽ വിവിധ തരം ഉൽപന്നങ്ങളാണ് വിൽക്കുന്നത്. യു.എ.ഇയിലെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഏറ്റവും പ്രധാന ഔട്ട്ലെറ്റ് കൂടിയാണ് സൂഖ് അൽ ജുബൈൽ. വ്യത്യസ്ത ഇനം പഴങ്ങളും പച്ചക്കറികളും, മത്സ്യം, മാംസം തുടങ്ങി എല്ലാതരം വസ്തുക്കളും ഇവിടെയുണ്ട്. രാജ്യത്തെ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഔട്ട്ലെറ്റാണ് സൂഖ് അൽ ജുബൈൽ. യു.എ.ഇയുടെ പ്രാദേശിക സംസ്കാരവും ജീവിതരീതിയും സന്ദർശകർക്ക് മനസ്സിലാവുന്ന രീതിയിലാണ് സൂഖിൽ സജ്ജീകരിച്ചിരിക്കുന്നത്.
യു.എ.ഇയുടെ സംസ്കാരത്തെയും പൈതൃകങ്ങളെയും മനോഹരമായി ഒരുക്കുന്നതോടൊപ്പം വിവിധ ഇനം ഭക്ഷണ വസ്തുക്കളും വ്യത്യസ്തമായ രുചികളും പരിചയപ്പെടുത്തുന്ന റസ്റ്റാറന്റും സൂഖിൽ ഒരുക്കിയിട്ടുണ്ട്. 1441 റെസ്റ്റാറന്റും കഫേയും സന്ദർശകർക്കായി രുചികരമായ വ്യത്യസ്ത സീഫൂഡ് വിഭവങ്ങളും ഇവിടെയുണ്ട്. വൈവിധ്യമാർന്ന ഇമാറാത്തി ഭക്ഷണ രുചികളും ആസ്വദിക്കാം.നെതർലാൻഡ്സ്, ഈജിപ്ത്, ടുണീഷ്യ, ജോർദാൻ, ലിബിയ, കിഴക്കൻ ഏഷ്യ, ഉസ്ബെക്കിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ പച്ചക്കറികളും പഴങ്ങളും ന്യായമായ വിലയ്ക്ക് മാർക്കറ്റ് സന്ദർശകർക്ക് നൽകുന്നു. വാട്സ്ആപ്പിലൂടെയും സൂഖ് അൽ ജുബൈലിന്റെ കോൾ സെന്റർ വഴിയും എല്ലാത്തരം മാംസങ്ങളും, മത്സ്യം, പച്ചക്കറികൾ, ഫ്രഷ് പഴങ്ങൾ എന്നിവയുടെ ഡെലിവറി സേവനവും ലഭ്യമാണ്.
ഗുണനിലവാരമുള്ള സേവനങ്ങളും ലോകോത്തര സൗകര്യങ്ങളും ഒരുക്കിയ സൂഖ് അൽ ജുബൈൽ റമദാൻ മാസത്തിലും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. 260ഓളം വ്യത്യസ്ത ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും സൂഖിലുണ്ട്.
വീട്ടിലേക്കാവശ്യമുള്ള എല്ലാ ഉൽപന്നങ്ങളും ഒരു മേൽക്കൂരക്കു കീഴിൽ ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.
റമദാനിൽ എല്ലാ ദിവസവും രാവിലെ എട്ട് മുതൽ രാത്രി 10 വരെ സൂഖ് അൽ ജുബൈൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.