ദുബൈ: ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും പ്രാദേശിക ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി ആവിഷ്കരിച്ച ‘സൂഖ് അൽ ഫരീജ്’ രണ്ടാം സീസണ് തുടക്കമായി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. വെള്ളിയാഴ്ച ആരംഭിച്ച ഒന്നാംഘട്ടം ഈ മാസം 31 വരെ അൽ വർക പാർക്കിലാണ് നടക്കുക. രണ്ടാം ഘട്ടം ജനുവരി അഞ്ചു മുതൽ 21വരെ അൽ ബർഷ പോണ്ട് പാർക്കിലും ഒരുക്കും. വൈകുന്നേരം നാലുമുതൽ രാത്രി 10 വരെയാണ് സൂഖ് പ്രവർത്തിക്കുക.
പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപണിയുണ്ടാക്കുകയും വിൽപനക്ക് സാഹചര്യമൊരുക്കുകയുമാണ് ലക്ഷ്യമിടുന്നത്. സാമൂഹിക ക്ഷേമ പദ്ധതികൾ വികസിപ്പിക്കുകയും യുവാക്കൾക്കിടയിൽ സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രോത്സാഹനം നൽകുകയും പദ്ധതിയുടെ ലക്ഷ്യമാണ്. താമസക്കാർക്കും സന്ദർശകർക്കും ഏറ്റവും സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കാനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പബ്ലിക് പാർക്സ് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് ഡയറക്ടർ അഹമ്മദ് അൽ സറൂനി പറഞ്ഞു. പദ്ധതിയിൽ പങ്കെടുക്കുന്ന സംരംഭകർക്ക് നിരവധി ഇളവുകൾ മുനിസിപ്പാലിറ്റി നൽകുന്നുണ്ട്. 30ഓളം സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
‘സൂഖ് അൽ ഫരീജ്’ ആദ്യ സീസൺ കഴിഞ്ഞ വർഷം ഇതേ സീസണിൽ അൽ ബർഷ പോണ്ട് പാർക്കിലും അൽ വർഖ പാർക്കിലുമായി നടന്നിരുന്നു. ഇതിൽ 95,000 സന്ദർശകരാണ് സൂഖിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.