ദുബൈ: എമിറേറ്റിലെ ഡെലിവറി റൈഡർമാർക്ക് പ്രത്യേക സർട്ടിഫിക്കറ്റ് സംവിധാനം ഒരുക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. ഡെലിവറി കമ്പനികളുടെ മോട്ടോർ സൈക്കിൾ റൈഡർമാരാണ് പ്രത്യേക സാക്ഷ്യപത്രം നേടേണ്ടത്. റൈഡർമാരുടെ പ്രവർത്തനം മികച്ചതാക്കുന്നത് ലക്ഷ്യംവെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡെലിവറി കമ്പനികൾ അവരുമായി ബന്ധപ്പെട്ട റൈഡർമാർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ആർ.ടി.എയുടെ ഇ-പ്ലാറ്റ്ഫോമുകളും ആപ്ലിക്കേഷനുകളും വഴിയാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുക.
ഡെലിവറി ബിസിനസുകളുടെ കാര്യക്ഷമത ഉയർത്തുന്നതിനും റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിരവധി പരിഷ്കരണങ്ങളും നിർദേശങ്ങളും ആർ.ടി.എ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി അപകട രഹിതമായ ഡ്രൈവിങ്, സുരക്ഷ മുൻകരുതലുകൾ, ബൈക്കുകളുടെ സമയാസമയങ്ങളിലെ അറ്റകുറ്റപ്പണി എന്നിവയെ കുറിച്ച് ബോധവത്കരണം നൽകുന്ന പരിശീലന ക്ലാസുകൾ നടത്തുന്നുണ്ട്. പുതുതായി നടപ്പിലാക്കുന്ന സർട്ടിഫിക്കറ്റ് സംവിധാനവും സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ലക്ഷ്യം വെക്കുന്നത്. തൊഴിൽപരമായ ആവശ്യകതകൾ പൂർത്തീകരിച്ചവർക്കാണ് സർട്ടിഫിക്കറ്റ് നൽകുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആർ.ടി.എ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ കമ്പനികൾ റൈഡർമാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.
അൽ അഹ്ലി ഡ്രൈവിങ് സെന്റർ, ബെൽഹസ ഡ്രൈവിങ് സെന്റർ, ബിൻ യാദർ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ദുബൈ ഡ്രൈവിങ് സെന്റർ, എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എക്സലൻസ് ഡ്രൈവിങ്, ഗലദാരി ഡ്രൈവിങ് സെന്റർ എന്നിവിടങ്ങളിലാണ് രജിസ്റ്റർ ചെയ്യാനാവുക. ഡെലിവറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും പുതിയ സംവിധാനവുമായി സഹകരിക്കണമെന്ന് പ്രസ്താവനയിൽ ആർ.ടി.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.