ദുബൈ: എമിറേറ്റിലെ പൊതു ബീച്ചുകൾ മുഴുവൻ സമയവും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക സംഘം. 72 ശുചീകരണ തൊഴിലാളികളും 12 ഉദ്യോഗസ്ഥരും അടങ്ങുന്ന 84 അംഗ സംഘം 19 കിലോമീറ്റർ വരുന്ന പൊതു ബീച്ച് ഏരിയകൾ വൃത്തിയോടെ നിലനിർത്തുമെന്ന് ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി. 72 ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനങ്ങൾക്ക് 12 അംഗ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും.അടിയന്തര സാഹചര്യങ്ങളിലും ആശയവിനിമയ രംഗത്തും ദ്രുതഗതിയിലുള്ള പ്രതികരണം മെച്ചപ്പെടുത്തുന്നതിന് 13 നൂതന സാങ്കേതിക വിദ്യകളും ഇവർ സജ്ജമാക്കും.
ദേര, ബർ ദുബൈ ഭാഗങ്ങളിൽ 48 ജീവനക്കാരും അൽ മംസാർ ബീച്ചിൽ 24 ജീവനക്കാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. പ്രവൃത്തികൾ സുഗമമായി മുന്നോട്ടുപോകുന്നതിന് പ്രതിദിനം മൂന്ന് വർക്ഷിഫ്റ്റുകളായി ജീവനക്കാരെ തിരിച്ചിട്ടുണ്ടെന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ മാലിന്യ സംസ്കരണ വകുപ്പ് ആക്ടിങ് ഡയറക്ടർ എൻജി. സഈദ് അബ്ദുറഹ്മാൻ സഫർ പറഞ്ഞു. മാലിന്യ സംസ്കരണം വേഗത്തിലും സമഗ്രവുമാക്കുന്നതിനായി ദേരയിലെയും ബർ ദുബൈയിലെയും ബീച്ചുകളിൽ സന്ദർശകർക്ക് ലഭ്യമാകുന്ന രീതിയിൽ 50 മീറ്റർ അകലത്തിൽ 216 മാലിന്യ ശേഖരണ സൗകര്യങ്ങൾ സജ്ജമാക്കിയിരുന്നു.
ഇത് ധ്രുതഗതിയിൽ മാലിന്യം ശേഖരിക്കാൻ ജീവനക്കാരെ സഹായിക്കും. ലോകത്തെ പ്രധാന വിനോദസഞ്ചാര ആകർഷണമെന്ന നിലയിൽ ദുബൈ നഗരത്തിന്റെ പരിസ്ഥിതി സുസ്ഥിരതയും പൊതു ബീച്ചുകളുടെ ആകർഷണീയതയും ശുചിത്വവും നിലനിർത്തുന്നതിന് ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റി നടത്തിവരുന്നത്. അടുത്തിടെ രാത്രിയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ച ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖൈം 1 ബീച്ചുകളിലും ശുചീകരണ തൊഴിലാളികളുടെ സേവനം ലഭ്യമായിരിക്കും. ഈ ബീച്ചുകളിലായി 800 മീറ്റർ നീളത്തിലുള്ള രാത്രി നീന്തൽ സൗകര്യവും മുനിസിപ്പാലിറ്റി ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.