ദുബൈ: നടി ശ്രീദേവിയുടെ മരണം വെള്ളത്തിൽ മുങ്ങിയാണെന്ന് വ്യക്തമായതോടെ ദുബൈ പൊലീസ് സ്വീകരിച്ചത് കർശന നടപടികൾ. ഭർത്താവ് ബോണി കപൂറിെൻറ മൊഴി പൊലീസ് ചോദിച്ചറിഞ്ഞു. മരണത്തിലെ ദുരൂഹത നീക്കുന്നതിനുള്ള അന്വേഷണത്തിെൻറ ഭാഗമായാണ് മൊഴി യെടുത്തത്. ശനിയാഴ്ച രാത്രി എമിറേറ്റ്സ് ടവർ ഹോട്ടലിലെ 2201 നമ്പർ മുറിയിലെ കുളിമുറിയിൽ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ശ്രീദേവിയുടെ വേർപാടിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ളവർ വിവരമറിഞ്ഞത് മുതൽ ജാഗരൂകരുമായി. ഒാരോ നടപടിക്രമങ്ങളും വേഗത്തിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെത്തന്നെ നിയോഗിക്കുകയും ചെയ്തു. ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ മരണം വെള്ളത്തിൽ വീണാണെന്നും ശരീരത്തിൽ മദ്യത്തിെൻറ അംശം ഉണ്ടെന്നും ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതോടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന അന്വേഷണത്തിലായി പൊലീസ്.
ദുബൈ പ്രോസിക്യൂഷൻ അന്വേഷണം ഏറ്റെടുത്തതോടെ മൃതദേഹം വിട്ടു നൽകുന്നതും അനിശ്ചിതത്വത്തിലായി. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നായിരുന്നു സൂചന. ഇക്കാര്യം യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരി മാധ്യമ പ്രവർത്തകരെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ അന്വേഷണം പ്രോസിക്യൂഷന് കൈമാറിയതോടെ ഇൗ സാഹചര്യത്തിൽ മാറ്റംവന്നുവെന്ന് എംബസി അധികൃതർ പറഞ്ഞു. അസ്വാഭാവിക മരണം സംഭവിച്ചതിനാൽ ഇതെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പരിശോധിച്ച് തൃപ്തിപ്പെട്ട ശേഷം പ്രോസിക്യൂഷെൻറ ഒൗദ്യോഗിക ഉത്തരവോടെ മാത്രമെ ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനാവൂ.
മൃതദേഹം എത്രയും വേഗം മുംബൈയിൽ എത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ നയതന്ത്രതലത്തിൽ നീക്കം ശക്തമാക്കിയിരുന്നു. എന്നിട്ടും എല്ലാ ഒൗദ്യോഗിക നടപടിക്രമങ്ങളും പാലിച്ചുമാത്രമെ മൃതദേഹം കൈമാറൂ എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സാധാരണ മരണസർട്ടിഫിക്കറ്റും ഫോറൻസിക് റിപ്പോർട്ടും ബന്ധുക്കൾക്ക് കൈമാറിയ ശേഷം മരിച്ചയാളുടെ പാസ്പോർട്ട് റദ്ദാക്കി മൃതദേഹം എംബാം െചയ്താണ് നൽകാറ്. ഇൗ നടപടിക്രമങ്ങൾ ശ്രീദേവിയുടെ കാര്യത്തിലും പാലിച്ച അധികൃതർ എംബാമിങ് മാറ്റിവെക്കുകയും ചെയ്തു. സാധാരണ. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ച് വരെയാണ് എംബാമിങ് നടത്താറ്. അടിയന്തിര ഘട്ടത്തിൽ ഉന്നത നിർദേശം ലഭിച്ചാൽ മാത്രമെ ഇതിൽ മാറ്റം വരൂ. ശ്രീദേവിയുടെ കാര്യത്തിൽ ഇതുമുണ്ടായില്ല. മദ്യലഹരിയിലാണോ ഹൃദയാഘാതത്തെത്തുർന്ന് ബോധം നഷ്ടമായതിനാലാണോ ശ്രീദേവി ബാത്ടബ്ബിലെ വെള്ളത്തിൽ വീണതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ലോകം ശ്രദ്ധിക്കുന്ന മരണമായതിനാൽ കൊലപാതക സാധ്യതയടക്കം എല്ലാ വശങ്ങളും പരിശോധിക്കാനും പൊലീസ് തയാറായി. റാസൽഖൈമയിലും ദുബൈയിലും ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലുകളിലടക്കം പരിശോധനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.