നൈസർഗിക പ്രതിഭയും വൈയക്തിക മിടുക്കും കൊണ്ട് തുടർന്നുള്ള ദശകങ്ങളിൽ ലോകത്തെ വിസ്മയിപ്പിച്ച അർജന്റീനാ താരനിരയിലെ ആദ്യത്തെ സൂപ്പർതാരമായി കെംപസ് മാറുകയായിരുന്നു
അതൊരു തുടക്കമായിരുന്നു. കളിയഴകിന്റെ ചേതോഹര ചരിത്രത്തിലേക്ക് കുറുകിയ പാസുകളുമായി ഇഴനെയ്തു കയറിയൊരു സ്വപ്ന സംഘം കളിയുടെ രാജസിംഹാസനത്തിൽ ഇരിപ്പുറപ്പിച്ചതിന്റെ തുടക്കം. മാന്ത്രികതയുടെ മഹദ് ചരിതങ്ങളുമായി ഡീഗോ മറഡോണയും ലയണൽ മെസ്സിയുമൊക്കെ അവതരിക്കും മുമ്പ് ആകാശനീലിമയിലെ ആദ്യത്തെ ലക്ഷണമൊത്ത നക്ഷത്രമായി മരിയോ കെംപസ് മേഘപാളികൾക്കിടയിൽനിന്ന് വെളിച്ചം വിതറിയ മേള. നൈസർഗിക പ്രതിഭയും വൈയക്തിക മിടുക്കും കൊണ്ട് തുടർന്നുള്ള ദശകങ്ങളിൽ ലോകത്തെ വിസ്മയിപ്പിച്ച അർജന്റീനാ താരനിരയിലെ ആദ്യത്തെ സൂപ്പർതാരമായി കെംപസ് മാറുകയായിരുന്നു.
പക്ഷേ, താരത്തിളക്കം ഇന്നത്തേതുപോലെ അയാളെ ചുറ്റിപ്പറ്റി നിൽപുണ്ടായിരുന്നില്ല. അല്ലെങ്കിൽ, അർജന്റീനയുടെ ലോകകപ്പ് ജയിച്ച സൂപ്പർ ഹീറോയെന്ന പരിവേഷത്തോട് അത്രകണ്ട് ഒട്ടിനിൽക്കാൻ അന്ന് അയാൾക്ക് താൽപര്യമുണ്ടായിരുന്നില്ല. 1978ൽ അർജന്റീനാ ഫുട്ബാളിന്റെ പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ച് ലോകകപ്പിൽ മുത്തമിട്ട കെംപസ് ആവേശഭരിതരായ ആരാധകർക്കുനടുവിൽ അഭിമാനത്തോടെ അവതരിക്കാൻ താൽപര്യം കാട്ടാതെ 'ഒളിച്ചോടുകയായിരുന്നു'. കാരണം, അന്ന് അർജന്റീനയിൽ കുപ്രസിദ്ധമായ പട്ടാള ഭരണത്തിന്റെ കടുംചിട്ടകളായിരുന്നു.
'മേയ് എട്ടിനാണ് ഞാൻ അർജന്റീനയിലെത്തിയത്. ജൂലൈ 15ന് ലോകകപ്പ് കഴിഞ്ഞ് മടങ്ങുകയും ചെയ്തു. സൈനിക ഭരണത്തിന്റെ സമയത്ത് ഞാൻ ശരിക്കും അർജന്റീനയിൽ ഉണ്ടായിരുന്നില്ല. ഞങ്ങൾക്കുവേണ്ടിയും പിന്നെ, അർജന്റീനയിലെ ജനങ്ങൾക്കുവേണ്ടിയും അർജന്റീനാ ഫുട്ബാളിനാകെയുമായി പന്തുതട്ടുകയെന്നതായിരുന്നു ടീം ക്യാമ്പിൽ ഞങ്ങളുയർത്തിയിരുന്ന കാഴ്ചപ്പാട്' -കെംപസ് പിന്നീട് പറഞ്ഞതിങ്ങനെ. അന്ന് ലോകകപ്പ് ജയിച്ച അർജന്റീനാ ടീമിൽ വിദേശ ക്ലബിന് കളിച്ചിരുന്ന ഏക കളിക്കാരൻ വലൻസിയ സ്ട്രൈക്കറായ കെംപസായിരുന്നു. 1978ലെ ലോകകപ്പ് ഫൈനലിൽ ഡച്ചുപടയെ വീഴ്ത്തി അർജന്റീന കപ്പുയർത്തിയതോടെ കാണികൾ ഹർഷോന്മാദത്തിലമർന്നുനിൽക്കുന്ന സമയം. പുലർച്ചെ 3.30ന് ടീം ആഘോഷത്തിലേക്ക് നീങ്ങാനൊരുങ്ങുന്നു. കെംപസും മറ്റു രണ്ടു കളിക്കാരും ബാഗെടുക്കാൻ പതിയെ ടീം ക്യാമ്പിലെത്തി. കെംപസ് തന്റെ സ്യൂട്ട് കേസും വസ്ത്രങ്ങളൊക്കെയുമെടുത്തു. ബ്വേനസ് എയ്റിസിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള റൊസാരിയോയിലെ വീട്ടിലെത്തുകയാണ് അയാളുടെ ലക്ഷ്യം. ഒപ്പമുള്ള രണ്ടു കളിക്കാർ ആ ഭാഗത്തുനിന്നുള്ളവരാണ്. കാറിൽ രാവിലെ ഏഴുമണിയോടെ കഥാനായകൻ വീട്ടിലെത്തി. മാതാപിതാക്കൾ നല്ല ഉറക്കത്തിലായിരുന്നു. ലോകം ജയിച്ച താരം അവരെ ഉണർത്താതെ ഒരു കാപ്പിയുണ്ടാക്കിക്കുടിച്ച് പതിയെ ഉറക്കത്തിലേക്ക് വീണു. അന്നത്തെ പട്ടാളഭരണത്തിനു കീഴിൽ ആഘോഷിക്കാൻ നിൽക്കാതെ 'മുങ്ങി'യതിനെക്കുറിച്ച് കെംപസ് തന്നെയാണ് പിന്നീട് വെളിപ്പെടുത്തൽ നടത്തിയത്.
●●●
ഗ്രൂപ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായാണ് മരിയോ കെംപസും കൂട്ടരും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. അതോടെ തലസ്ഥാന നഗരിയായ ബ്വേനസ് എയ്റിസിൽനിന്ന് ആതിഥേയർക്ക് മധ്യ അർജന്റീനയിലെ ഏറ്റവും വലിയ നഗരമായ റൊസാരിയോയിലേക്ക് നീങ്ങേണ്ടിവന്നു. കരുത്തരായ പോളണ്ടുമായി മുഖാമുഖം. മധ്യനിരയിൽ റെനെ ഹൗസ്മാനെ കോച്ച് കാർലോസ് മെനോട്ടി പരീക്ഷണാർഥത്തിൽ ഉൾപെടുത്തി. അപ്പോഴും തങ്ങളുടെ സ്റ്റാർ െപ്ലയറായ കെംപസിന്റെ ഫോമില്ലായ്മ അർജന്റീനയെ അലട്ടുന്നുണ്ടായിരുന്നു. കഴിഞ്ഞ ആറു ലോകകപ്പ് മത്സരങ്ങളിൽ കെംപസ് ഒരു ഗോൾപോലും നേടിയിട്ടില്ല! തന്ത്രങ്ങൾ 4-3-3 ശൈലിയിലേക്ക് മെനോട്ടി മാറ്റിപ്പിടിച്ചു. അതോടെ നീക്കങ്ങൾ കൂടുതൽ ഒഴുക്കുള്ളതായി.
കളിയുടെ 16-ാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്ന് ഡാനിയൽ ബെർട്ടോണിയുടെ അളന്നുകുറിച്ച ക്രോസ്. തന്നെ ലാക്കാക്കിയെത്തിയ പന്തിനെ കെംപസ് കണിശതയോടെ വലയിലേക്ക് വഴിനടത്തി. പ്രഹരശേഷി വീണ്ടെടുത്ത ആശ്വാസം. അർജന്റീന മുന്നിൽ.
എന്നാൽ, തൊട്ടുപിന്നാലെ കെംപസ് വില്ലനാവേണ്ടതായിരുന്നു. ബോക്സിൽ പന്ത് കൈകൊണ്ട് തൊട്ടതിന് പോളണ്ടിന് പെനാൽറ്റി കിക്ക്. എതിർ കളിക്കാരന്റെ ദുർബലമായ കിക്ക് അനായാസം പിടിച്ചെടുത്ത് ഗോളി ഉബാൾഡോ ഫിലോൾ, കെംപസിന്റെയും അർജന്റീനയുടെയും മാനം കാത്തു.
71ാം മിനിറ്റിൽ പോളിഷ് പ്രതിരോധം പിളർന്ന് നടത്തിയ കുതിപ്പിനൊടുവിൽ ഓസ്വാൾഡോ ആർഡിലെസിന്റെ പാസ്. ഒരു ഡിഫൻഡറെ മറികടന്ന് കെംപസ് സമർഥമായി പന്ത് വലയിലേക്ക് തള്ളി.
അടുത്ത കളിയിൽ ബദ്ധവൈരികളും അയൽക്കാരുമായ ബ്രസീലുമായി മുഖാമുഖം. തോൽക്കുന്ന ടീം ടൂർണമെന്റിൽനിന്ന് പുറത്തേക്ക്. ജയിക്കുന്നവർക്ക് മുന്നേറാം. ചാരുതയാർന്ന കളിയുടെ പ്രയോക്താക്കളായ അയൽക്കാർ ഏറ്റുമുട്ടുന്ന കളി ആവേശകരമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വാശിയും ഫൗളുകളും ചേർന്ന് രസംകൊല്ലിയായ മത്സരം ഗോൾരഹിത സമനിലയിൽ.
അവസാന ഗ്രൂപ് മത്സരത്തിൽ ബ്രസീൽ പോളണ്ടിനെതിരെ. അർജന്റീനക്ക് പെറു എതിരാളികൾ. ഉച്ചക്കുശേഷം നടന്ന കളിയിൽ ബ്രസീൽ 3-1ന് ജയിക്കുന്നു. അന്ന് വൈകീട്ട് നടക്കുന്ന കളിയിൽ നാലുഗോൾ മാർജിനിൽ ജയിച്ചാൽ ഫൈനലിലെത്താം എന്ന് മുൻകൂട്ടി അറിഞ്ഞാണ് അർജന്റീന കളത്തിലിറങ്ങിയത്.
കെംപസിലൂടെ 21-ാം മിനിറ്റിൽ ആതിഥേയർ മുന്നിൽ. കോർണർ കിക്കിൽ തലവെച്ച് ഡിഫൻഡർ ആൽബർട്ടോ തരാന്റിനി ലീഡുയർത്തി. ഇടവേളക്ക് അർജന്റീന 2-0ത്തിന് മുന്നിൽ. 48-ാം മിനിറ്റിൽ വീണ്ടും കെംപസ്. 53-ാം മിനിറ്റിൽ ഡൈവിങ് ഹെഡറിലൂടെ ലൂക്ക്. ആവശ്യമായ നാലു ഗോൾ മാർജിൻ അർജന്റീന നേടിക്കഴിഞ്ഞു. ബെഞ്ചിൽനിന്നിറങ്ങി ഹൗസ്മാനും ഒരുതവണകൂടി ലൂക്കും വല കുലുക്കിയപ്പോൾ അർജന്റീന അരഡസൻ ഗോളുകളുടെ അവിശ്വസനീയ ജയം കുറിച്ചു.
കാലങ്ങളോളം ഈ മത്സരഫലം സംശയനിഴലിലായി. അർജന്റീനയിൽ ജനിച്ച പെറു ഗോളി ക്വിറോഗയുടെ പ്രകടനമായിരുന്നു ആരോപണങ്ങളുടെ കേന്ദ്രബിന്ദു. ധാന്യ ഇറക്കുമതിക്ക് നന്ദിസൂചകമായി പെറു തോറ്റുകൊടുത്തതാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. സത്യം എന്തായാലും, അർജന്റീന ഫൈനലിലെത്തി. േപ്ലഓഫിൽ ഇറ്റലിയെ കീഴടക്കി ടൂർണമെന്റിൽ ബ്രസീൽ അപരാജിതരായി. ധാർമികമായി ലോകകപ്പ് ജയിച്ചത് തങ്ങളാണെന്ന് അവർ അർജന്റീനയെ നോക്കി 'കൊഞ്ഞനംകുത്തി'.
കലാശക്കളിക്ക് ബ്വേനസ് എയ്റിസിലെ എസ്റ്റേഡിയോ മൊന്യൂമെന്റലിലേക്ക് കാലെടുത്തുവെക്കുമ്പോൾ പുൽത്തകിടിയിൽ കടലാസുകഷണങ്ങൾ നിറഞ്ഞിരുന്നു. അവ മാറ്റിയശേഷമാണ് കളി തുടങ്ങിയത്. 38-ാം മിനിറ്റിൽ ഗാലറിയെ ഉന്മാദത്തിലാഴ്ത്തി അർജന്റീന വെടിപൊട്ടിച്ചു.
ആർഡിലെസും ലൂക്കും ചേർന്ന നീക്കത്തിനൊടുവിൽ പന്ത് കെംപസിന്. തന്റെ ട്രേഡ്മാർക്ക് ഫിനിഷിങ്ങിലൂടെ താരം അവസരം മുതലെടുത്തു. രണ്ടാം പകുതിയിൽ ഓറഞ്ചുപട അസാമാന്യ നീക്കങ്ങളുമായാണ് തുടങ്ങിയത്. നിരന്തരം ആഞ്ഞുകയറിയ ശേഷം കളി തീരാൻ എട്ടുമിനിറ്റ് ശേഷിക്കേ ഡച്ചുകാർ ഒപ്പംപിടിച്ചു. റെനെ വാൻ ഡി കെർകോഫിന്റെ ക്രോസിൽ നാനിങ്കയുടെ ഫിനിഷ്. മത്സരം എക്സ്ട്രാടൈമിൽ. അർജന്റീന താളം വീണ്ടെടുത്തു. കെംപസ് മാതൃകാപരമായി പടനയിച്ചു. അധികവേളയുടെ ആദ്യപകുതിക്കൊടുവിൽ ഡച്ചുഡിഫൻഡർമാരെ മറികടന്ന് നടത്തിയ നീക്കത്തിനൊടുവിൽ മരിയോ കെംപസ് തന്നെ ലീഡ് തിരിച്ചുപിടിച്ചു.
രണ്ടാംപകുതിയിൽ കെംപസുമായി ചേർന്ന നീക്കത്തിനൊടുവിൽ ഡച്ച് വലക്കണ്ണികളിലേക്ക് ലൂക്കും പന്തടിച്ചുകയറ്റിയപ്പോൾ 3-1ന്റെ ഉശിരൻ ജയവുമായി അർജന്റീന ചരിത്രം രചിക്കുകയായിരുന്നു.
ടൂർണമെന്റിന്റെ താരവും ടോപ്സ്കോററുമായി എല്ലാ അർഥത്തിലും കെംപസിന്റെയും കൂടി ലോകകപ്പായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.