അബൂദബി: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2023ൽ യു.എ.ഇ പ്രഖ്യാപിച്ച ‘സുസ്ഥിരത വർഷാചരണം’ ഒരു വർഷം കൂടി ദീർഘിപ്പിച്ചു. ദേശീയ പരിസ്ഥിതിദിനമായ ഞായറാഴ്ച പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘ഭാവി തലമുറക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ പ്രതിഫലനമായ സുസ്ഥിരത വർഷാചരണം 2024ലേക്കുകൂടി വ്യാപിപ്പിക്കുകയാണ്’ -പ്രസിഡന്റ് എക്സിൽ കുറിച്ചു.
ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28ൽ കൈവരിച്ച യു.എ.ഇ സമവായം കെട്ടിപ്പടുക്കുന്നതിലൂടെ, എല്ലാവർക്കുമായി കൂടുതൽ സുസ്ഥിരമായ ഭാവി വാഗ്ദാനം ചെയ്യുന്നതിനായി ആഗോള സമൂഹവുമായി കൈകോർത്ത് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് 2023 സുസ്ഥിരത വർഷമായി പ്രസിഡന്റ് പ്രഖ്യാപിച്ചത്. തുടർന്ന് എല്ലാ എമിറേറ്റുകളിലും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്കും എമിറേറ്റുകൾ മുൻകൈയെടുത്തിരുന്നു.
പരിസ്ഥിതി സൗഹൃദപരമായ നിരവധി പദ്ധതികളാണ് സർക്കാർ രാജ്യ വ്യാപകമായി നടപ്പാക്കിയത്. കൂടാതെ, ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന് ആതിഥേയത്വം വഹിച്ചുകൊണ്ട് സുസ്ഥിരമായ ഭാവിക്കായി ലോകരാജ്യങ്ങൾക്കൊപ്പം പ്രയത്നിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൗരോർജ പദ്ധതികൾ വ്യാപിപ്പിക്കുകയും പുനരുപയോഗ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
അതോടൊപ്പം അബൂദബിയിൽ പരിസ്ഥിതിസൗഹൃദ പദ്ധതികൾക്കായി മസ്ദർ സിറ്റി സ്ഥാപിക്കാനും യു.എ.ഇ മുൻകൈയെടുത്തു. ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കുകയും ചെയ്തിരുന്നു. കണ്ടൽവനങ്ങളുടെ സംരക്ഷണത്തിനായി വൻ പദ്ധതികളും നടന്നുവരുകയാണ്. ഇതിന്റെയെല്ലാം പൂർത്തീകരണം ലക്ഷ്യമിട്ടാണ് സുസ്ഥിരത വർഷാചരണം ഒരു വർഷംകൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വായനവർഷം, ദാനവർഷം, സായിദ് വർഷം, സഹിഷ്ണുതാവർഷം എന്നിങ്ങനെ 2015 മുതൽ എല്ലാ വർഷവും ഓരോ ആശയങ്ങളിൽ വർഷാചരണം യു.എ.ഇ പ്രഖ്യാപിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് 2023ൽ സുസ്ഥിരത വർഷം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.