ദുബൈ: യു.എ.ഇയിലെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ തലബാത്ത് പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) പ്രഖ്യാപിച്ചു. ഈ മാസം 19ന് 15 ശതമാനം ഓഹരികൾ ഐ.പി.ഒയിലൂടെ വിൽപന നടത്തുമെന്നാണ് തലബാത്തിന്റെ മാതൃകമ്പനിയായ ഡെലിവറി ഹീറോ മെന ഹോൾഡിങ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
തലബാത്തിന്റെ 340 കോടി ഓഹരികളായിരിക്കും യു.എ.ഇയിലെ പൊതുവിപണിയിലെത്തുക. ഓഹരിയുടെ അന്തിമ വില നവംബർ 29ന് പ്രഖ്യാപിക്കും. രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും ഐ.പി.ഒ നടത്തുക. നവംബർ 19 മുതൽ 27 വരെയാണ് ആദ്യ ഘട്ട വിൽപന. രണ്ടാം ഘട്ട വിൽപന നവംബർ 28 വരെയാണ്.
ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെലിവറി ഹീറോ മെന ഹോൾഡിങ്ങിന്റെ യു.എ.ഇയിലെ അനുബന്ധ സ്ഥാപനമാണ് തലബാത്ത്. ഫ്രാങ്ക്ഫുർട്ട് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഡെലിവറി ഹീറോ ഡിസംബർ 10ന് തലബാത്തിന്റെ ഓഹരികൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യും. തലബാത്തിന്റെ ഓഹരി വിൽപനയിലൂടെ 93 കോടി ദിർഹമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ആദ്യ ഘട്ട വിൽപനയിൽ അഞ്ച് ശതമാനം (17.4 കോടി) ഓഹരികൾ ചെറുകിട നിക്ഷേപകർക്കായാണ് നീക്കിവെച്ചിരിക്കുന്നത്. തലബാത്ത് ജീവനക്കാരനല്ലാത്ത വ്യക്തികൾക്ക് ചുരുങ്ങിയത് 1000 ഓഹരികൾ വീതം ലഭിക്കും. തലബാത്തിലെ ഓരോ ജീവനക്കാരനും ചുരുങ്ങിയത് 10,000 ഓഹരികൾ വീതമാണ് ലഭിക്കുക. ചുരുങ്ങിയത് 5000 ദിർഹം നിക്ഷേപിക്കാം.
രണ്ടാം ഘട്ട വിൽപനയിൽ 95 ശതമാനം ഓഹരികൾ നിക്ഷേപ സ്ഥാപനങ്ങൾക്കായാണ് നീക്കിവെച്ചിരിക്കുന്നത്. ഇവർക്ക് 50 ലക്ഷം ദിർഹം വരെ നിക്ഷേപിക്കാം.
എമിറേറ്റ്സ് എൻ.ബി.ഡി ക്യാപിറ്റൽ, അബൂദബി കൊമേഴ്സ്യൽ ബാങ്ക്, ഇ.എഫ്.ജി ഹെർമ്സ് യു.എ.ഇ, ഫസ്റ്റ് അബൂദബി ബാങ്ക് എന്നീ ബാങ്കുകളാണ് ഓഹരി വിൽപന നിയന്ത്രിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ 36.7 കോടി ദിർഹം ഡിവിഡന്റ് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ജി.സി.സിയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു റീട്ടെയിൽ ഈ മാസം നടത്തിയ ഓഹരി വിൽപനയിലൂടെ മൂന്ന് ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. 25 ശതമാനം ഓഹരികളായിരുന്നു തുടക്കത്തിൽ ഐ.പി.ഒക്ക് വെച്ചിരുന്നതെങ്കിലും നിക്ഷേപകരിൽ നിന്ന് വൻ പ്രതികരണം വന്നതോടെ അഞ്ച് ശതമാനം ഓഹരികൾ കൂടി വിപണിയിലിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.