ദുബൈ: എമിറേറ്റിലെ പൊതുഗതാഗത രംഗത്ത് പത്തു വർഷം പൂർത്തിയാക്കി ദുബൈ ട്രാം സർവിസ്. 2014 നവംബർ 11നായിരുന്നു ദുബൈ ട്രാമിന്റെ കന്നി യാത്ര. 60 ലക്ഷം കിലോമീറ്ററാണ് കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ദുബൈ ട്രാം സഞ്ചരിച്ചത്. അതോടൊപ്പം ആറ് കോടിയിലധികം പേർ ട്രാമിൽ യാത്ര പൂർത്തിയാക്കുകയും ചെയ്തതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 99.9 ശതമാനം കൃത്യനിഷ്ഠ പാലിക്കാനും ട്രാമിന് കഴിഞ്ഞു.
ദുബൈയുടെ പൊതുഗതാഗത രംഗത്ത് നിർണായകമായ പങ്കാണ് ദുബൈ ട്രാമിനുള്ളത്. അൽ സുഫൂഹ് റോഡിലെ 11 പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ട്രാം യാത്ര വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണം കൂടിയാണ്. അൽ സുഫൂഹ് സ്റ്റേഷനിൽനിന്ന് 42 മിനിറ്റ് യാത്രയാണ് ജുമൈറ ലേക്സ് ടവർ സ്റ്റേഷനിലേക്കുള്ളത്.
പാം ജുമൈറ, ദുബൈ നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ജെ.ബി.ആർ, ദുബൈ മറീന തുടങ്ങിയ പ്രധാന ആകർഷണങ്ങളിലൂടെയുള്ള ട്രാം യാത്ര മനോഹരമായ അനുഭവം സമ്മാനിക്കുന്നതാണ്.മറ്റ് ഗതാഗത സംവിധാനങ്ങളായ ദുബൈ മെട്രോ, പൊതുഗതാഗത ബസുകൾ, ടാക്സികൾ, സൈക്ലിങ് ട്രാക്കുകൾ എന്നിവയുമായി സംയോജിപ്പിച്ചാണ് ട്രാം സർവിസ് നടത്തുന്നത്. ഇത് യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം നൽകാൻ സഹായിക്കുന്നു.
പൂർണമായും ശീതീകരിച്ച സ്റ്റേഷനുകൾക്കൊപ്പം ഓട്ടോമാറ്റിക് ഡോർ സംവിധാനം ഉൾപ്പെടെ യാത്രക്കാർക്ക് സുഗമവും മികച്ച സുരക്ഷ ഉറപ്പുനൽകുന്നതുമായ സാങ്കേതിക വിദ്യകളാണ് ട്രാമിൽ ഉപയോഗിക്കുന്നത്. യൂറോപ്പിനുപുറത്ത് ആദ്യമായി ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി ലൈനുകളിൽ നിന്നുള്ള ഊർജം ഉപയോഗിച്ച് ട്രാം സർവിസ് നടത്തുന്നത് യു.എ.ഇയിലാണ്.
11 ട്രാമുകളാണ് നിലവിൽ ദുബൈയിൽ സർവിസ് നടത്തുന്നത്. ഗോൾഡ്, സിൽവർ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക കമ്പാർട്ട്മെന്റ് ഉൾപ്പെടെ ഓരോ ട്രാമിലും ഏഴ് കമ്പാർട്ട്മെന്റുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.