ഷാർജ: വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനും മികച്ച നേട്ടങ്ങൾ കൈവരിക്കാനും ഷാർജ റിസർച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കും (എസ്.ആർ.ടി.ഐ.പി) അജ്മാൻ പൊലീസും കൈക്കോർക്കുന്നു. ഇതിന്റെ ഭാഗമായി സാങ്കേതിക വികസനത്തിന് എസ്.ആർ.ടി.ഐ.പി പ്രതിനിധി സംഘത്തെ നിയോഗിച്ചു.
അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുക. സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഇന്നൊവേഷൻ ലോഞ്ച് ഉൾപ്പെടെയുള്ള എസ്.ആർ.ടി.പിയുടെ സൗകര്യങ്ങളെക്കുറിച്ചും അത്യാധുനിക സാങ്കേതിക വിദ്യകളുടെയും അപ്ലൈഡ് റിസർച് ലബോറട്ടറികളുടെയും ഷാർജ ഓപൺ ഇന്നൊവേഷൻ ലാബിന്റെയും പുതിയ പാക്കേജുകളെക്കുറിച്ചും പ്രതിനിധി സംഘത്തോട് വിശദീകരിച്ചു.
സേവന മേഖലയിലെ നവീകരണവും ശാസ്ത്രീയ വികസനവും പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പ്രതിനിധി സംഘം അവലോകനം ചെയ്തു. ഇരുപക്ഷവും തമ്മിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള കൂടുതൽ വഴികളും ചർച്ച ചെയ്തു. എസ്.ആർ.ടി.ഐ.പിയിൽ ഉപയോഗിക്കുന്ന മികച്ച പ്രകടനത്തെയും ആധുനിക സാങ്കേതികവിദ്യകളെയും മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.