അബൂദബി: തുറന്ന വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന കിടക്കകളിലൊന്ന് റോഡില്‍ വീണതിനെതുടര്‍ന്ന് അബൂദബിയില്‍ വാഹനാപകടം. റോഡിലേക്ക് കിടക്ക വീണതോടെ പിന്നാലെ വന്ന കാര്‍ നിര്‍ത്തുകയും ഇതിന് പിന്നാലെ വന്ന മറ്റൊരു വാഹനം ഈ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് റോഡില്‍ വട്ടംമറിയുകയുമായിരുന്നു. അപകട വിഡിയോ അബൂദബി പൊലീസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
ചരക്കുലോറിയില്‍നിന്ന് ഇരുമ്പുകമ്പികള്‍ റോഡില്‍ വീണതുമൂലമുണ്ടായ മറ്റൊരു അപകടത്തിന്റെ ദൃശ്യവും പൊലീസ് പങ്കുവെച്ചു. റോഡില്‍ വീണ കമ്പികള്‍ക്ക് മുകളിലൂടെ നിരവധി വാഹനങ്ങള്‍ കയറിപ്പോയെങ്കിലും പിന്നാലെ വന്ന ഒരു വാന്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഇതോടെ പിന്നാലെ വന്ന കാര്‍ ഈ വാഹനത്തില്‍ ഇടിച്ചുകയറി. അപ്രതീക്ഷിതമായി റോഡിലുണ്ടാവുന്ന തടസ്സങ്ങള്‍ ശ്രദ്ധിക്കണമെന്നും ഒരുകാരണവശാലും റോഡിന് നടുവില്‍ വാഹനം നിര്‍ത്തരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
വാഹനം നടുറോഡില്‍ നിര്‍ത്തുന്നത് 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റും ചുമത്തുന്ന കുറ്റമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. വാഹനത്തിന് തകരാറുണ്ടായാല്‍ ഉടന്‍ റോഡരികില്‍ ഒരുക്കിയിട്ടുള്ള നിര്‍ദിഷ്ട ഭാഗത്തേക്ക് വാഹനം മാറ്റണമെന്ന് ട്രാഫിക്, സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.