ദുബൈ: 28 വർഷത്തിനുശേഷം അർജൻറീന കിരീടമുയർത്തിയത് ആഘോഷമാക്കി പ്രവാസലോകവും.വർഷങ്ങളായി ബ്രസീൽ ഫാൻസിനു മുന്നിൽ തലകുനിച്ചുനിന്ന അർജൻറീനക്കാർക്ക് തലയുയർത്തി ആഘോഷിക്കാൻ കിട്ടിയ അവസരമായിരുന്നു ഞായറാഴ്ച നടന്ന കോപ അമേരിക്ക ഫൈനൽ. പുലർച്ച നാലു മുതൽ ടി.വിയുടെ മുന്നിൽ നിലയുറപ്പിച്ച അർജൻറീന-ബ്രസീൽ ഫാൻസ് കളിയുടെ ഓരോ നിമിഷവും ആഘോഷമാക്കി.
പെരുന്നാളും തെരഞ്ഞെടുപ്പുഫലവും കഴിഞ്ഞാൽ പ്രവാസിമുറികൾ പുലർച്ച മുതൽ സജീവമായ ദിവസമായിരുന്നു ഇന്നലെ. അർജൻറീനയുടെയും ബ്രസീലിെൻറയും ജഴ്സിയണിഞ്ഞായിരുന്നു ഭൂരിപക്ഷവും എത്തിയത്. ജഴ്സിയില്ലാത്തവർ നീലയും മഞ്ഞയും ടീ ഷർട്ടുകൾ അണിഞ്ഞെത്തി. മുറികൾ ഇരുടീമുകളുടെയും ജഴ്സിയുടെ നിറത്തിൽ ബലൂണുകളാൽ അലങ്കരിച്ചിരുന്നു.
രാവിലെതന്നെ മുറിക്കാൻ മഞ്ഞയും നീലയും കേക്കുകൾ വാങ്ങി സൂക്ഷിച്ചവരും കുറവല്ല. പന്തയങ്ങളിൽ പ്രധാനമായും ഇടംപിടിച്ചത് ഭക്ഷണമായിരുന്നു. അർജൻറീന ഫാൻസ് നീല ലഡു തേടി അലഞ്ഞു. രാവിലെ ജോലിക്ക് പോകേണ്ടിവരുമെന്ന ഓർമയില്ലാതെയാണ് ഉറക്കമിളച്ച് കളികണ്ടത്. 21ാം മിനിറ്റിൽ ഡി മരിയ വല കുലുക്കിയപ്പോൾ പ്രവാസിമുറികൾ പ്രകമ്പനംകൊണ്ടു. രണ്ടാംപകുതിയുടെ തുടക്കത്തിൽ റിച്ചാർലിസൻ പന്ത് വലയിലെത്തിച്ചതോടെ ബ്രസീലുകാർ ഉറഞ്ഞുതുള്ളി. പേക്ഷ, ലൈൻ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തിയതോടെ വീണ്ടും നിരാശ.
രണ്ടാംപകുതിയിൽ അലകടലായെത്തിയ ബ്രസീൽ അർജൻറീനൻ പോർമുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ പിരിമുറുക്കമായി. നിരാശയും സന്തോഷവും മുഖങ്ങളിൽ മിന്നിമാഞ്ഞു. ഇഞ്ചുറി ടൈമിൽ ഇരു ഫാൻസിെൻറയും നെഞ്ചിടിപ്പേറി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ ബ്രസീൽ ഫാൻസിന് മുന്നിൽ അർജൻറീനക്കാർ അഴിഞ്ഞാടി. മറുപടി വാക്കില്ലാതായതോടെ ബ്രസീൽ ഫാൻസ് പുതപ്പിനു കീഴിൽ അഭയംതേടി. ട്രോളുകൾ എറിഞ്ഞും കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും അർജൻറീനക്കാർ ആഘോഷം തുടർന്നു. 28 വർഷമായി കിരീടമില്ലാത്തവരെന്ന ചീത്തപ്പേര് ഒഴിവായതിെൻറ ആശ്വാസമായിരുന്നു അർജൻറീനൻ ഫാൻസിന്. നാട്ടിലും മറുനാട്ടിലും അർജൻറീനക്കാരുടെ ഉത്തരം മുട്ടിച്ച ഈ ചീത്തപ്പേരിന് ഉത്തരം കണ്ടെത്തിയതിെൻറ സന്തോഷവും അവരിൽ പ്രകടമായിരുന്നു.
യു.എ.ഇയിലെ ചില ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ബിഗ് സ്ക്രീനിൽ കളി കാണാൻ സംവിധാനമൊരുക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വൻകിട ഹോട്ടലുകളിൽ മാത്രമാണ് സാമൂഹിക അകലം പാലിച്ച് സംവിധാനമൊരുക്കിയത്. എക്സ്പോ 2020യുടെ ഇൻറർനാഷനൽ അംബാസഡർ കൂടിയായ ലയണൽ മെസ്സി കിരീടമുയർത്തിയത് ഇമാറാത്തികളും ആഘോഷമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.